kaumudy-news-headlines

1. കൂടത്തായി കൂട്ടകൊലപാതക കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ട് താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതി. അന്വേഷണ സംഘത്തിന്റെ ആവശ്യം അനുസരിച്ച് കോടതി ജോളിയെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയത് 7 ദിവസത്തേക്ക്. 11 ദിവസത്തെ കസ്റ്റഡി വേണം എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. കസ്റ്റഡി പൂര്‍ത്തിയാവുന്ന 16-ാം തീയതി പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കും. ഭര്‍ത്താവ് റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ആണ് എഫ്.ഐ.ആര്‍. മാത്യു, പ്രജികുമാര്‍ എന്നിവരേയും 16വരെ കസ്റ്റഡിയില്‍ വിട്ടു


2. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അന്വേഷണ സംഘം ജോളിയുമായി കൂടത്തായി പൊന്നാമറ്റം വീട്ടില്‍ തെളിവെടുപ്പ് നടത്തും. കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ജോളിയുടേയും പ്രജികുമാറിന്റേയും വക്കാലത്ത് ഒപ്പിടാന്‍ അഭിഭാഷകര്‍ അനുമതി തേടിയിരുന്നു. ഇതിനു ശേഷമാണ് നടപടി ക്രമങ്ങള്‍ ആരംഭിച്ചത്. വൈദ്യ പരിശോധന നടത്താതെ ആണ് മൂന്ന് പ്രതികേയും കോടതിയില്‍ എത്തിച്ചത്. ജയിലില്‍ നിന്ന് ഇറക്കിയപ്പോള്‍ മാദ്ധ്യമങ്ങളോട് ജോളിയും മാത്യുവും ഒന്നും പ്രതികരിച്ചില്ല. എന്നാല്‍ മാത്യുവിന് സയനൈഡ് നല്‍കിയത് പെരുച്ചാഴിയെ കൊല്ലാന്‍ വേണ്ടി എന്ന് മൂന്നാം പ്രതി പ്രജികുമാര്‍ പറഞ്ഞു
3. തന്നെ കള്ളകേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു. താന്‍ നിരപരാധി എന്നും പ്രജികുമാര്‍. കൂടത്തായി കൊലപാതകത്തില്‍ അന്വേഷണ സംഘം വിപുലീകരിക്കും എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. മരിച്ചവരുടെ സാമ്പിളുകള്‍ സംബന്ധിച്ച് വിശദമായ പരിശോധന വേണ്ടി വരും എന്നും ഡി.ജി.പി. സാമ്പിളുകള്‍ വിദേശത്തേക്ക് അയക്കുന്ന കാര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായം തേടും എന്നും സംസ്ഥാന പൊലീസ് മേധാവി
4. മരടിലെ ഫ്ളാറ്റ് ഉടമകളില്‍ നഷ്ടപരിഹാരം നല്‍കാന്‍ യോഗ്യത ഉള്ളവരുടെ പട്ടിക സര്‍ക്കാരിന് കൈമാറി മരട് നഗരസഭ. നഷ്ട പരിഹാരത്തിന് ആകെ 241 പേര്‍ക്ക് അര്‍ഹത ഉണ്ട് എന്നാണ് നഗരസഭയുടെ കണ്ടെത്തല്‍. നാല് ഫ്ളാറ്റ് സമുച്ചയങ്ങളില്‍ താമസിക്കുന്നവര്‍ 135 ഫ്ളാറ്റ് ഉടമകളാണ് നഗരസഭയുടെ ഉടമസ്ഥാവകാശ രേഖ കൈപ്പറ്റിയിട്ടുള്ളത്. 106 ഫ്ളാറ്റ് ഉടമകള്‍ വില്‍പ്പന കരാര്‍ ഹാജരാക്കിയിട്ടുണ്ട്. അതേസമയം, 54 ഫ്ളാറ്റുകള്‍ ഇപ്പോഴും നിര്‍മ്മാതാക്കളുടെ പേരിലുണ്ട്. ഇവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യത ഇല്ല
5. മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ ഉള്ള ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ഉടമസ്ഥ അവകാശം രേഖയായി ഇല്ലാത്തവര്‍ക്ക് ഏതു തരത്തില്‍ നഷ്ടപരിഹാരം നല്‍കാം എന്നുള്ളതും സമിതി തീരുമാനിക്കും. സമിതിയിലെ രണ്ട് അംഗങ്ങളെ നിശ്ചയിച്ച് സര്‍ക്കാര്‍ ഇന്നലെ ഉത്തരവ് ഇറക്കിയിരുന്നു. മുന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക്, തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി എന്‍ജിനിയര്‍ മുരുകേശന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
6. പ്രണയ അഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് അര്‍ധരാത്രി യുവാവ് പതിനേഴുകാരിയെ വീട്ടില്‍ കയറി പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പദ്മാലയത്തില്‍ ഷാലന്‍-മോളി ദമ്പതികളുടെ മകള്‍ ദേവികയും പറവൂര്‍ സ്വദേശിയായ യുവാവുമാണ് മരിച്ചത്. ദേവിക പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവിന് ഗുരുതര പൊള്ളലേറ്റു. ഇന്നലെ രാത്രി 12.15 ഓടെ ആയിരുന്നു സംഭവം
7. ബൈക്കില്‍ എത്തിയ യുവാവ് വീട്ടുകാരെ വിളിച്ചുണര്‍ത്തി. അച്ഛനോട് ദേവികയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം പുറത്തെത്തിയ ദേവികയുടെ മേല്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തുക ആയിരുന്നു. തീ ആളിപ്പടരുന്നതിനിടെ യുവാവിനും പൊള്ളലേറ്റു. ദേവികയെ രക്ഷപെടുത്താന്‍ ശ്രമിച്ച അച്ഛന്‍ ഷാലനും പൊള്ളലേറ്റു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂവരെയും ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ദേവികയേയും യുവാവിനെയും രക്ഷിക്കാനായില്ല. പെണ്‍കുട്ടിയോട് യുവാവ് പലതവണ പ്രണയ അഭ്യര്‍ഥന നടത്തിയിരുന്നു. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിന് യുവാവിനെതിരെ കേസും നിലവിലുണ്ടായിരുന്നു
8. ശബരിമല യുവതീ പ്രവേശത്തിന് എതിരായ നിയമ നിര്‍മ്മാണത്തെ ചൊല്ലി ബി.ജെ.പിയില്‍ രണ്ടഭിപ്രായം. നിയമ നിര്‍മ്മാണം നടത്തും എന്ന് ബി.ജെ.പി ഒരിടത്തും പറഞ്ഞിട്ടില്ല എന്നും ഇത് തീര്‍ത്തും സംസ്ഥാന വിഷയം ആണെന്നുമാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ നിലപാട്. ശബരിമല വിഷയം ഉപ തിരഞെടുപ്പ് രംഗത്തും ചര്‍ച്ച ആകുന്നതിനിടെ ആണ് ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം. യുവതീ പ്രവേശത്തിന് എതിരായി ബി.ജെ.പി ഒന്നും പറഞ്ഞിട്ടില്ല എന്നും ശ്രീധരന്‍ പിള്ള ഇന്നലെ പരസ്യ പ്രതികരണം നടത്തി ഇരുന്നു
9. അതേസമയം നിയമ നിര്‍മാണം കേന്ദ്ര സര്‍ക്കാരിന്റേയും ബി.ജെ.പിയുടേയും സജീവ പരിഗണനയില്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയുടെ അന്തിമ വിധി വന്നതിന് ശേഷം ഇക്കാര്യം പരിഗണിക്കുമെന്നും ഇതിനായി കാത്തിരിക്കണമെന്നുമാണ് കേന്ദ്രമന്ത്രി പറഞ്ഞത്. ശബരിമല യുവതീപ്രവേശന വിഷയം സങ്കീര്‍ണമാണ്. സുപ്രീം കോടതിയുടെ അന്തിമവിധിക്ക് ശേഷമാകും നിയമനിര്‍മാണം പരിഗണിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു
10. വടക്കന്‍ സിറിയയിലെ കുര്‍ദിഷ് പോരാളികള്‍ക്കു നേരെ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള വടക്കു കിഴക്കന്‍ പ്രദേശത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടതായി സിറിയയിലെ മനുഷ്യാവകാശ നിരീക്ഷകര്‍ അറിയിച്ചതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ബോംബ് ആക്രമണത്തില്‍ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റതായും പറയുന്നു. ആക്രമണം ആരംഭിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് കൂട്ടപലായനം നടത്തുന്നത്.