കൊൽക്കത്ത: പശ്ചിമബംഗാളിലെ മുർഷിദാബാദിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായ ബന്ദു പ്രകാശ് പാൽ, ഗർഭിണിയായ ഭാര്യ ബ്യൂട്ടി, എട്ടു വയസുള്ള മകൻ ആര്യ എന്നിവരെയാണ് കൊൽക്കത്തയിൽ നിന്നും 210 കിലോമീറ്റർ ദൂരത്തുള്ള ജിയാഗഞ്ചിലെ വീട്ടിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. രണ്ടു വർഷം മുൻപാണ് ഇവർ ഇവിടേക്ക് താമസം മാറിയത്. മകന്റെ വിദ്യാഭ്യാസം മെച്ചപ്പെട്ട നിലയിൽ നടത്തുന്നതിന് വേണ്ടിയായിരുന്നു ഇത്. സംഭവത്തിൽ ഇതുവരെ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അടുത്ത് നടന്ന വിജയദശമി പൂജാവേളയി ബന്ദു പ്രകാശിനെയും കുടുംബത്തെയും കാണാത്തതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇവർ മരിച്ചുകിടക്കുന്നത് കാണുന്നത്.
'തിരിച്ചറിയാനാകാത്ത ആക്രമികളാ'ണ് ഇവരെ കൊല ചെയ്തതെന്നും മൂവരെയും വെട്ടി കൊലപ്പെടുത്തും മുൻപ് ഇവർ മയക്കുമരുന്നുകൾ നൽകിയിരുന്നതായും പൊലീസ് പറയുന്നു. എന്നാൽ ഇതിനിടെ, കൊല്ലപ്പെട്ട ബന്ദു പ്രകാശ് പാൽ ആർ.എസ്.എസ് പ്രവർത്തകനാണെന്ന വാദവുമായി ബി.ജെ.പിയും ആർ.എസ്.എസും രംഗത്ത് വന്നിട്ടുണ്ട്.' ആർ.എസ്.എസ് പ്രവർത്തകനായ' ഒരാൾ കൊല്ലപ്പെട്ടിട്ടും മമത ബാനർജിയുടെ ദുർഭരണത്തിനെതിരെ, സ്വയം പുരോഗമനവാദികൾ എന്ന് വിളിക്കുന്ന ആരും ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ല എന്ന് ബി.ജെ.പി വക്താവ് പത്രയും ട്വീറ്റ് ചെയ്തു. ബന്ദു പ്രസാദ് സ്ഥിരമായി ആർ.എസ്.എസ് യോഗങ്ങൾക്ക് എത്തിയിരുന്നതായും ഇവർ പറയുന്നുണ്ട്.