ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ പ്രതീക്ഷ ആഗോള ധനകാര്യ സ്ഥാപനമായ മൂഡീസ് 6.2 ശതമാനത്തിൽ നിന്ന് 5.8 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചു. ദീർ‌ഘകാലം നീണ്ടുനിൽക്കുന്ന തിരിച്ചടികളാണ് ഇന്ത്യ നേരിടുന്നതെന്ന് മൂഡീസ് വ്യക്തമാക്കി. 2020-21ൽ വളർച്ച 6.6 ശതമാനമായും തുടർന്ന് ഏഴ് ശതമാനത്തിലേക്കും മെച്ചപ്പെടും.

നേരത്തേ, റിസർവ് ബാങ്ക് ഇന്ത്യയുടെ വളർ‌ച്ചാ പ്രതീക്ഷ ഏഴു ശതമാനത്തിൽ നിന്ന് 6.1 ശതമാനമായി കുറച്ചിരുന്നു. ആഗോള സമ്പദ്‌രംഗം വലിയ തകർച്ചയാണ് നേരിടുന്നതെന്നും ഇന്ത്യയെയും ബ്രസീലിനെയും പോലുള്ള വികസ്വര രാജ്യങ്ങളിലാണ് ഇത് ഏറെ പ്രകടമെന്നും കഴിഞ്ഞദിവസം അന്താരാഷ്‌ട്ര നാണയനിധി (ഐ.എം.എഫ്) മേധാവി ക്രിസ്‌റ്റലീന ജോർജിയേവയും വ്യക്തമാക്കിയിരുന്നു.

റേറ്രിംഗ് ഏജൻസിയായ സ്‌റ്റാൻഡേർഡ് ആൻഡ് പുവേഴ്‌സ് നടപ്പുവർഷത്തെ ഇന്ത്യയുടെ വള‌ർച്ചാ പ്രതീക്ഷ 7 ശതമാനത്തിൽ നിന്ന് 6.6 ശതമാനത്തിലേക്ക് കുറച്ചിട്ടുണ്ട്. ഏഷ്യൻ വികസന ബാങ്ക് വിലയിരുത്തുന്ന വളർച്ച 5.9 ശതമാനം മാത്രം. മറ്റൊരു റേറ്രിംഗ് ഏജൻസിയായ ഫിച്ചിന്റെ പ്രതീക്ഷ 6.6 ശതമാനമാണ്. കഴിഞ്ഞവർഷം (2018-19) ഇന്ത്യ 6.8 ശതമാനം വളർന്നിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തെ ഏറ്റവും താഴ്‌ന്ന വളർച്ചയാണിത്.