കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നാംപ്രതി ജോളിയ്ക്ക് വേണ്ടി ആളൂർ അസോസിയേറ്റ്സിലെ അഭിഭാഷകരായ ഷഫിൻ, ഹിജാസ് എന്നിവർ കോടതിയിൽ ഹാജരായി.
കഴിഞ്ഞ ദിവസം ജയിലിലെത്തി ജോളിയുമായി അഭിഭാഷകർ സംസാരിച്ചെങ്കിലും അവിടെ വച്ച് വക്കാലത്തിൽ ഒപ്പ് വെച്ചിരുന്നില്ല. ഇന്നലെ കോടതിയിൽ വച്ചാണ് ജോളി ഒപ്പിട്ടത്.
ജോളിയുടെ കട്ടപ്പനയിലുള്ള ചില അടുത്ത ബന്ധുക്കളാണ് കേസ് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടതെന്ന് അഭിഭാഷകർ പറഞ്ഞു. ജോളിക്കെതിരെ ഇനിയും കേസുകൾ രജിസ്റ്റർ ചെയ്താൽ അവരുടെ സമ്മതത്തോടെ അവയും ഏറ്റെടുക്കും. കഴിഞ്ഞ ദിവസം ജയിലിൽ പോയി കണ്ടപ്പോൾ ജോളിയുടെ പെരുമാറ്റം വല്ലാത്ത തരത്തിലായിരുന്നെന്നും അവരുടെ മാനസികനിലയിൽ കുഴപ്പമുണ്ടെന്നു തോന്നിയെന്നും അഭിഭാഷകർ പറഞ്ഞു.
കോളിളക്കം സൃഷ്ടിച്ച കേസുകളിൽ പ്രതികൾക്കു വേണ്ടി ഹാജരായതിലൂടെയാണ് അഡ്വ. ബി.എ.ആളൂർ ജനശ്രദ്ധ പിടിച്ചുപറ്റിയത്. സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരായിരുന്നു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി ഏഴു വർഷം തടവാക്കി ചുരുക്കി. പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതി അമീറുൾ ഇസ്ലാമിനു വേണ്ടിയും ആളൂർ ഹാജരായിരുന്നു.