koodathayi

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിൽ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ട ജോളിയുടെ ചോദ്യം ചെയ്യൽ തുടരുന്നു. കൊലപാതകങ്ങൾക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന സയനൈഡിന്റെ ബാക്കി ഒളിപ്പിച്ച ഇടത്തെക്കുറിച്ചാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ശേഷിച്ച സയനൈഡ് പൊന്നാമറ്റം വീട്ടിൽ ഒളിപ്പിച്ചെന്നാണ് സൂചന. എസ്.പി കെ.ജി.സൈമൺ നേരിട്ടാണ് ജോളിയെ ചോദ്യം ചെയ്യുന്നത്. അവിഹിതബന്ധങ്ങൾ മറയ്ക്കാനും സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാനുമാണ് ജോളി ആദ്യഭർത്താവ് റോയിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കി.

റോയിയുടെ മദ്യപാനാസക്തിയും അന്ധവിശ്വാസങ്ങളും വിരോധത്തിന് കാരണമായി. ജോളിക്കൊപ്പം അറസ്റ്റിലായ മറ്റു രണ്ട് പ്രതികളേയും പ്രത്യേക അന്വേഷണസംഘം വടകര റൂറൽ എസ്.പി ഓഫിസിൽ ചോദ്യംചെയ്യുകയാണ്. വിപുലീകരിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെയും ഇപ്പോൾ കേസ് അന്വേഷിക്കുന്നവരുടേയും യോഗം വൈകിട്ട് ചേരും. ഓമശേരി പഞ്ചായത്തിൽ ഇന്ന് നടത്തിയ പരിശോധനയിൽ വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ ജോളി സമർപ്പിച്ച രേഖകൾ പിടിച്ചെടുത്തു.