alappuzha-nagarasabha

ആലപ്പുഴ: പി.ഡി.പിയുടെയും ഒരു സ്വതന്ത്ര അംഗത്തിന്റെയും പിന്തുണയോടെ എട്ട് വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആലപ്പുഴ നഗരസഭ ചെയർമാനായി യു.ഡി.എഫിലെ ഇല്ലിക്കൽ കുഞ്ഞുമോൻ (കോൺഗ്രസ്) തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ് പിന്തുണയോടെ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച സ്വതന്ത്രൻ മെഹബൂബിനെയാണ് പരാജയപ്പെടുത്തിയത്.

നിലവിലെ ചെയർമാനായ കോൺഗ്രസ് അംഗം തോമസ് ജോസഫ് മുൻ ധാരണ പ്രകാരം രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. രാജിയെത്തുടർന്ന് കോൺഗ്രസിലെ 10 അംഗങ്ങൾ തോമസ് ജോസഫിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇവർ എന്തു നിലപാട് സ്വീകരിക്കുമെന്ന ആശങ്കകൾക്ക് നടുവിൽ നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ ഭിന്നതകൾ മാറ്റിവച്ച് യു.ഡി.എഫ് ഒറ്റക്കെട്ടായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു.

52 അംഗ കൗൺസിലിൽ 48 അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ബി.ജെ.പിയുടെ 4 അംഗങ്ങൾ കൗൺസിൽ യോഗത്തിൽ ഹാജരായില്ല. ഇല്ലിക്കൽ കുഞ്ഞുമോന് 28 വോട്ടും മെഹബൂബിന് 20 വോട്ടും ലഭിച്ചു. കഴിഞ്ഞ ചെയർമാൻ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനോടൊപ്പം നിന്ന രണ്ട് പി.ഡി.പി അംഗങ്ങൾ ഇത്തവണ യു.ഡി.എഫിന് വോട്ട് ചെയ്തു. യു.ഡി.എഫുമായി പിണങ്ങി നിന്ന സ്വതന്ത്രൻ ജോസ് ചെല്ലപ്പനും അവസാന നിമിഷം യു.ഡി.എഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.

കോൺഗ്രസ് -21, ലീഗ്- മൂന്ന്, കേരളകോൺഗ്രസ്- ഒന്ന്, പി.ഡി.പി- രണ്ട്, സ്വതന്ത്രൻ- ഒന്ന്, സി.പി.എം-16, സി.പി.ഐ- മൂന്ന്, സ്വതന്ത്രൻ- ഒന്ന്, ബി.ജെ.പി- നാല് എന്നിങ്ങനെയാണ് ആലപ്പുഴ നഗരസഭയിലെ കക്ഷിനില. ചെയർമാൻ സ്ഥാനത്തേക്കു എൽ.ഡി.എഫ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്രൻ ബി. മെഹബൂബ് ഈ ഭരണസമിതിയിലെ കോൺഗ്രസ് കൗൺസിലർ ആയിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം മുൻ ധാരണപ്രകാരം ഒഴിയുന്നതുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വവുമായി ഇടഞ്ഞ മെഹബൂബ് കൗൺസിലർസ്ഥാനം രാജിവച്ചശേഷം സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയായിരുന്നു. കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ ആലപ്പുഴ ആർ.ഡി.ഒ എം.വി.അനിൽകുമാർ റിട്ടേണിംഗ് ഓഫീസറായി.