jolly-

കോഴിക്കോട്:കൂടത്തായി കേസിലെ മുഖ്യ പ്രതി ജോളിയുടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് . താമരശ്ശേരി രൂപത മുൻ വികാരി ജനറലിന്റെ വ്യാജ കത്ത് ജോളി തയ്യാറാക്കിയതായി പൊലീസ് കണ്ടെത്തി. കോടഞ്ചേരിയിലെ ഷാജുവിനെ ജോളി രണ്ടാം വിവാഹം കഴിച്ച ശേഷം കൂടത്തായി ഇടവകയിൽ പേര് നിലനിറുത്താനായിരുന്നു ശ്രമം. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജോളിയെ കൂടത്തായി ഇടവകയിൽ അംഗമാക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു വ്യാജ കത്തിലെ ഉള്ളടക്കം.

ഈ മാസം 16 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. വടകര റൂറല്‍ എസ്.പി ഓഫീസിൽ വച്ചാണ് ഇവരെ ചോദ്യം ചെയ്യുന്നത്. പ്രതികളായ ജോളി, മാത്യു, പ്രജികുമാർ എന്നിവരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ചോദ്യങ്ങൾ നേരത്തെ തന്നെ പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചാണ് ചോദ്യം ചെയ്യലെന്നാണ് വിവരം.

അതേസമയം ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയതിന് പിന്നിൽ നാല് കാരണങ്ങൾ ഉണ്ടെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം,​ റോയ് തോമസിന്റെ അമിത മദ്യപാനം, അമിത അന്ധവിശ്വാസം, വിവാഹേതര ബന്ധങ്ങൾ എതിർത്തതിലെ പകയും കൊലപാതകത്തിന് കാരണമായി എന്ന് കസ്റ്റഡി അപേക്ഷയിൽ പറയുന്നത്. കൊല രണ്ടും മൂന്നും പ്രതികളുടെ അറിവോടെയും സഹായത്തോടെയുമാണെന്ന് ജോളി മൊഴി നൽകിയതായി കസ്റ്റഡി അപേക്ഷയിൽ പൊലീസ് പറയുന്നു.