റോയിയെ കൊന്നതിന് നാല് കാരണങ്ങൾ
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര കേസിൽ പൊലീസ് കസ്റ്റഡിയിൽ വിട്ട ജോളി ജോസഫിന് ബന്ധമുള്ളതായി ആരോപിക്കപ്പെടുന്ന മറ്റ് ദുരൂഹ മരണങ്ങൾ പ്രത്യേകം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചതോടെ കേസ് കൂടുതൽ സങ്കീർണമായി. ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ മരണത്തിൽ മാത്രമാണ് നിലവിലെ കേസ്. പൊന്നാമറ്റം കുടുംബത്തിൽ പതിന്നാലു വർഷത്തിനിടെ നടന്ന മറ്റ് അഞ്ചു മരണങ്ങൾ കൂടി പ്രത്യേകം അന്വേഷിക്കാനാണ് പുതിയ തീരുമാനം.
താമരശേരി മജിസ്ട്രേട്ട് കോടതി ആറു ദിവസത്തെ കസ്റ്റഡിയിൽ വിട്ട ജോളി, മറ്റു പ്രതികളായ ജൂവലറി ജീവനക്കാരൻ മാത്യു, സ്വർണപ്പണിക്കാരൻ പ്രജുകുമാർ എന്നിവരെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. ജോളിക്കു വേണ്ടി വക്കാലത്ത് ഏറ്റെടുത്തത് കൊടുംകുറ്റവാളികളുടെ കേസ് ഏറ്റെടുക്കുന്നതിലൂടെ വിവാദ പുരുഷനായ അഡ്വ. ബി.എ ആളൂർ ആണ്. കേസ് കെട്ടിച്ചമച്ചതാണെന്നും കുറ്റകൃത്യങ്ങൾ നടത്തിയ വേളയിലെ ജോളിയുടെ മാനസിക നില പരിശോധിക്കണമെന്നും പ്രതിഭാഗം വാദിച്ചു. അത്യപൂർവവും അതിസങ്കീർണവുമായ കേസ് ആയതിനാൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, 15 ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി ആറു ദിവസത്തെ കസ്റ്റഡിയേ അനുവദിച്ചുള്ളൂ.
അതേസമയം, ആദ്യഭർത്താവ് റോയിയെ കൊലപ്പെടുത്താൻ നാലു കാരണങ്ങളാണ് ജോളി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് നൽകിയ കസ്റ്റഡി അപേക്ഷയിൽ പരാമർശിക്കുന്നു. പരപുരുഷബന്ധം ആരോപിച്ച് റോയി നിരന്തരം ചോദ്യംചെയ്തു, റോയിയുടെ അമിതമദ്യപാനം, അന്ധവിശ്വാസം, റോയിക്ക് സ്ഥിരവരുമാനം ഇല്ലാത്തതിനാൽ തനിക്കുണ്ടായ കടുത്ത നിരാശ എന്നിവ കൊലയ്ക്കു പ്രേരണയായെന്ന് ജോളി വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്. എന്നാൽ, റോയിയെ കൊലപ്പെടുത്തുന്നതിന് ഉപയോഗിച്ച സയനൈഡ് നൽകിയത് ആരെന്ന് ജോളി ഇപ്പോഴും വ്യക്തമായി പറഞ്ഞിട്ടില്ല.
ജോളിക്കായി വക്കാലത്തു നൽകിയത് കട്ടപ്പനയിലെ ബന്ധുക്കളിൽ ചിലരാണെന്ന് അഡ്വ. ആളൂർ പ്രതികരിച്ചു. ആളൂർ അസോസിയേറ്റ്‌സിലെ അഭിഭാഷകർ ഷഫിൻ, ഹിജാസ് എന്നിവരാണ് ഇന്നലെ താമരശേരി കോടതിയിൽ ജോളിക്കു വേണ്ടി ഹാജരായത്.
കസ്റ്റഡിയിൽ വിട്ട പ്രതികളെ വൈദ്യ പരിശോധനയ്ക്കു ശേഷം റൂറൽ എസ്.പി കെ.ജി. സൈമണിന്റെ ഓഫീസിൽ രാത്രി വൈകിയും ചോദ്യം ചെയ്യുകയാണ്. കസ്റ്റഡികാലാവധി തീരുന്ന 16 ന് കേസ് വീണ്ടും പരിഗണിക്കും. പ്രതികളുടെ ജാമ്യാപേക്ഷയും അന്നു പരിഗണിക്കും.