സ്റ്റോക്ക് ഹോം: പുരുഷ-യൂറോ കേന്ദ്രീകൃതമായ പുരസ്കാരസമർപ്പണമായിരിക്കില്ല ഇത്തവണ എന്ന സ്വീഡിഷ് അക്കാഡമിയുടെ വാക്ക് വിശ്വസിച്ചവർക്ക് തെറ്റി. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. യൂറോപ്യനായ പീറ്റർ ഹൻഡ്കെയ്ക്ക് തന്നെ അത് കിട്ടി. നോവലിസ്റ്റും നാടകകൃത്തും വിവർത്തകനുമായ ഓസ്ട്രിയൻ സ്വദേശി ഹൻഡ്കെ നിരവധി സിനിമകൾക്കും തിരക്കഥയെഴുതിയിട്ടുണ്ട്. 1990 മുതൽ പാരീസിലാണ് താമസം. സ്ലോവേനിയയിൽ അമ്മ വേരുകളുള്ള ഹൻഡ്കെ 2006ൽ സെർബിയൻ യുദ്ധക്കുറ്റവാളി സ്ലോബോദാൻ മിലൊസെവിച്ചിന്റെ ശവസംസ്കാര ചടങ്ങിൽ പ്രസംഗിച്ചത് വൻവിവാദമാണ് സൃഷ്ടിച്ചത്. ഹെയിൻറിച്ച് ഹെയ്ൻ പുരസ്കാരത്തിന് നിർദ്ദേശിക്കപ്പെട്ട അദ്ദേഹത്തിന്റെ പേര്, രാഷ്ട്രീയ കാഴ്ചപ്പാടുകൾ കാരണം നിഷേധിക്കപ്പെട്ടതും അതേവർഷംതന്നെയായിരുന്നു. മാത്രമല്ല, 2014ൽ ഇസ്ബെൻ പുരസ്കാരം നേടിയപ്പോഴും ഹൻഡ്കെയ്ക്ക് നേരെ ഒസ്ലോയിലടക്കം വലിയതോതിലുള്ള പ്രതിഷേധമായിരുന്നു ഉയർന്നത്.
''ഭാഷാപരമായ ചാതുര്യം ഉപയോഗിച്ച് മനുഷ്യാനുഭവത്തിന്റെ പരിധികളെയും പ്രത്യേകതകളെയും അന്വേഷിച്ച എഴുത്ത്"- നോബൽ പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് പീറ്റർ ഹൻഡ്കെയുടെ എഴുത്തിനെ സ്വീഡിഷ് അക്കാഡമി വിശേഷിപ്പിച്ചതാണിത്. പഠനകാലത്ത് തന്നെ എഴുത്തുകാരനായി പേരെടുത്ത പീറ്ററിനിത് തന്റെ വിപ്ലവ എഴുത്തുജീവിതത്തിന് കിട്ടിയ വിശിഷ്ട സമ്മാനമാണ്. ''വാക്ക് എബൗട്ട് ദ വില്ലേജസ്" ആണ് ഹൻഡ്കെയുടെ പ്രശസ്തമായ നാടകം. റെപ്പറ്റീഷൻ ആണ് പ്രശസ്തമായ നോവൽ.
സാഹിത്യനോബൽ പട്ടികയിലെ 15-ാം വനിതയായി ഓൾഗ (110 വാക്ക്)
സ്റ്റോക്ക്ഹോം: ''സർവവിജ്ഞാനതുല്യമായ അഭിനിവേശം ജീവിതത്തിന്റെ രൂപമാക്കി അതിരുകൾ കടക്കുന്ന ആഖ്യാന ഭാവന"- 2018ലെ നോബൽ പുരസ്കാരത്തിനർഹയായ ഓൾഗയുടെ എഴുത്തിന്റെ വശ്യതയെക്കുറിച്ച് സ്വീഡിഷ് അക്കാഡമി വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. ലോകം സ്ത്രീപക്ഷ എഴുത്തുകളെയും എഴുത്തുകാരെയും വാഴ്ത്തുമ്പോഴും സാഹിത്യത്തിലെ മഹത്തായ സംഭാവനകൾക്കുള്ള നോബൽ പുരസ്കാരം, പുരുഷ കേന്ദ്രീകൃതമായി നിലകൊള്ളുകയായിരുന്നു. ആദ്യ നോബൽ നൽകിയ 1901 മുതൽ ഇക്കഴിഞ്ഞ വർഷംവരെ സാഹിത്യ നോബൽ നേടിയ 114 പേരിൽ സ്ത്രീകളുടെ എണ്ണം വെറും 14 ആയി മാത്രം നിലകൊണ്ടു. എന്നാൽ, ഇത്തവണ ആ ആക്ഷേപത്തിന് സ്വീഡിഷ് അക്കാഡമി പരിഹാരം കണ്ടത് 2018ലെ പുരസ്കാരം പോളിഷ് എഴുത്തുകാരി ഓൾഗ ടോകാർചുക്കിന് നൽകിയാണ്.
2018ലെ മാൻ ബുക്കർ പ്രൈസ് നേടിയ വ്യക്തിയാണ് ആക്ടിവിസ്റ്റ് കൂടിയായ ഓൾഗ. സിറ്റീസ് ഇൻ മിറേഴ്സ്, ദ ജെർണി ഒഫ് ദ ബുക്ക് പീപ്പിൾ, പ്രീമിവെൽ ആൻഡ് അദർ ടൈംസ്, ഹൗസ് ഒഫ് ഡേ ഹൗസ് ഒഫ് നൈറ്റ്, ദ വാർഡൊബിൾ, ദ ഡോൾ ആൻഡ് ദ പേൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഓൾഗയുടെ പ്രധാന കൃതികൾ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.