കൊച്ചി: മരട് ഫ്ലാറ്റുകളിലെ ഉടമസ്ഥാവകാശ രേഖ സമർപ്പിക്കാൻ ഒരാഴ്‌ച കൂടി അനുവദിച്ചു. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. മരട് നഗരസഭ സമർപ്പിച്ച നഷ്ടപരിഹാരത്തിന് അർഹതയുള്ള 241 ഉടമകളുടെ പട്ടിക സംസ്ഥാന സർക്കാർ സമിതിക്ക് കൈമാറിയിരുന്നു. നഷ്ടപരിഹാരത്തിന് അർഹതയുള്ളവരുടെ ഉടമസ്ഥതാ രേഖകളും സമിതി പരിശോധിച്ചു. ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷനും മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്, പി.ഡബ്ളിയു.ഡി മുൻ ചീഫ് എൻജിനിയർ ആർ. മുരുകേശൻ എന്നിവർ അംഗങ്ങളുമായ സമിതിയുടെ യോഗം ഇന്നലെ എറണാകുളം ഗവ. റസ്റ്റ് ഹൗസിൽ ചേർന്നു. പൊളിക്കുന്നതിന്റെ ചുമതല വഹിക്കുന്ന സബ് കളക്ടർ സ്‌നേഹിൽകുമാർ സിംഗും മരട് നഗരസഭയിലെ ഉദ്യോഗസ്ഥരും സമിതിയുമായി ചർച്ച നടത്തി.
ആധാരങ്ങളുടെ അസൽ പകർപ്പുകൾ പരിശോധിക്കാൻ മരട് നഗരസഭാ സെക്രട്ടറിയോട് നിർദ്ദേശിച്ചു. പ്രമാണങ്ങളിൽ സ്ഥലത്തിനും കെട്ടിടത്തിനും കൊടുത്ത തുകയും മറ്റ് പ്രസക്ത വിവരങ്ങളുമടങ്ങുന്ന റിപ്പോർട്ട് 14ന് സമർപ്പിക്കണം. ഫ്ലാറ്റുടമകൾ അവരുടെ ക്ലെയിമുകൾ കൂടി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഒരാഴ്ചയ്‌ക്കകം സമർപ്പിക്കണം. അടുത്ത മൂന്നു ദിവസത്തിനകം കിട്ടുന്ന അപേക്ഷകൾ 14നും അതിനുശേഷമുള്ളവ 17നും പരിശോധിക്കും.
അതേസമയം കൊച്ചിയിലെത്തിയ പൊളിക്കൽ വിദഗ്ദ്ധൻ എസ്.ബി. സർവത്തെ ഇന്ന് മരടിലെ ഫ്ലാറ്റുകൾ സന്ദർശിക്കും. തുടർന്ന് ചുരുക്കപ്പട്ടികയിലുൾപ്പെട്ട കമ്പനികളുമായി ചർച്ച നടത്തും.
സർക്കാരിന്റെ പട്ടിക അനുസരിച്ച്
നഷ്ട പരിഹാരത്തിന് അർഹതയുള്ളവർ - 241
ഉടമസ്ഥാവകാശ രേഖ സമർപ്പിച്ചവർ - 135
വില്പന കരാർ സമർപ്പിച്ചവർ - 106
നിർമ്മാതാക്കളുടെ പേരിലുള്ള ഫ്ലാറ്റുകൾ - 54