ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ അമിത് ഷാ. പാകിസ്ഥാനും രാഹുൽ ഗാന്ധിയും ഒരേ ലൈനിൽ സഞ്ചരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു.
മിന്നലാക്രമണം നടത്തിയതിന് രാഹുൽ ഗാന്ധി തെളിവ് ചോദിച്ചു. പാകിസ്ഥാനും അത് തന്നെയാണ് ചെയ്തത്. കാശ്മീരിൽ ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ രാഹുൽ ഗാന്ധിയും പാകിസ്ഥാനും അതിനെ എതിർത്തു,” അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക രാജ്യങ്ങൾ മുഴുവനും ആർട്ടിക്കിൾ 370 നീക്കം ചെയ്ത നടപടിയിൽ ഇന്ത്യയ്ക്കൊപ്പം നില്ക്കുന്നു. അതേസമയം, ഈ നടപടിയെ എതിർത്തുകൊണ്ട് പാകിസ്ഥാൻ മാത്രം മാറിനിൽക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
“1971 ലെ യുദ്ധത്തിൽ ഇന്ത്യ പാകുസ്ഥാനെ പരാജയപ്പെടുത്തിയപ്പോൾ അന്ന് പ്രതിപക്ഷത്തായിരുന്ന ഞങ്ങൾ ഇന്ദിരാ ഗാന്ധിയെ അഭിനന്ദിച്ചു. പാർട്ടിയുടെ താല്പര്യത്തേക്കാൾ ഞങ്ങൾക്ക് വലുത് രാജ്യതാല്പര്യമായിരുന്നു. എന്നാൽ കോൺഗ്രസ് ഇപ്പോൾ എല്ലാത്തിനെയും എതിർക്കുന്നു. കാശ്മീർ ഇന്ത്യയുടെ ഭാഗമാകുന്ന നടപടിയെ രാജ്യമൊട്ടാകെ സ്വാഗതം ചെയ്യുമ്പോൾ കോൺഗ്രസ് മാത്രം അതിനെ എതിർക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം കാരണമാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.