ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ മറ്റ് രാജ്യങ്ങൾ പരാമർശം നടത്തേണ്ടതില്ലെന്ന് ഇന്ത്യ. കാശ്മീർ വിഷയം ‘സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്’ എന്നുപറഞ്ഞ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനാണ് ഇന്ത്യ മറുപടി നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ചിൻപിങ്ങും തമ്മിലുള്ള അനൗപചാരിക ഉച്ചകോടിക്കു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഇന്ത്യയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
നാളെയും മറ്റന്നാളുമായി തമിഴ്നാട്ടിലെ മഹാബലിപുരത്താണു മോദി– ഷി രണ്ടാം അനൗപചാരിക ഉച്ചകോടി നടക്കുന്നത്. കാശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് ഇടപെടാതിരിക്കുന്നതാണ് ഏവർക്കും നല്ലതെന്ന് ഇന്ത്യ വ്യക്തമാക്കി. ഷി ചിൻപിങ്ങും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള കൂടിക്കാഴ്ചയുടെ റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടിരുന്നു. കാശ്മീർ വിഷയത്തിൽ ഇരുവരും ചർച്ച നടത്തിയതായും അറിഞ്ഞു. ജമ്മു കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് എന്നതാണ് നമ്മുടെ എക്കാലത്തെയും സുവ്യക്തമായ നിലപാട്. ഇതു ചൈനയ്ക്കു നന്നായി അറിയാം. ആഭ്യന്തര വിഷയങ്ങളിൽ മറ്റു രാജ്യങ്ങൾ പരാമർശങ്ങൾ നടത്തേണ്ടതില്ല. അതാണ് ഏവർക്കും നല്ലത്’– വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.
കാശ്മീർ വിഷയത്തിൽ പാകിസ്ഥാൻ അനുകൂല നിലപടാണ് ചൈന സ്വീകരിച്ചു പോന്നിരുന്നത്. ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാൻ അനുകൂല നിലപാടാണ് ചൈന സ്വീകരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കാശ്മീർ വിഷയം ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കേണ്ടതാണു പ്രശ്നമാണെന്ന് നിലപാട് തിരുത്തിയിരുന്നു. എന്നാൽ ഇന്നലെ ഇമ്രാൻ ഖാനും ഷിയും ബെയ്ജിങ്ങിൽ നടത്തിയ കൂടിക്കാഴ്ചയെപ്പറ്റി പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പിലാണ് കാശ്മിരിനെ വീണ്ടും പരാമർശിച്ചത്.