shivinder

ന്യൂഡൽഹി: 740 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ഔഷധ നിർമാണ കമ്പനിയായ റാൻബാക്‌സിയുടെ മുൻ ഉടമകളിലൊരാളായ ശിവിന്ദർ സിംഗ് അറസ്റ്റിൽ. ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ.ഒ.ഡബ്ലിയൂ) ആണ് ഇന്നലെ ശിവിന്ദറിനെ അറസ്റ്റ് ചെയ്തത്. ഇതേ കുറ്റത്തിന് സുനിൽ ഗോദ്വാനി, കവി അറോറ, അനിൽ സക്സേന എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മന്ദിർ മാർഗിലുള്ള ഇ.ഒ.ഡബ്ലിയൂവിന്റെ ഒാഫിസിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. 2018ൽ റെലിഗെയർ ഫിൻവെസ്റ്റ് ലിമിറ്റഡാണ് സിംഗ് സഹോദരന്മാർക്കെതിരെ പരാതി നൽകിയത്. കേസിൽ പ്രതിയായ സഹോദരൻ മൽവിന്ദർ സിംഗിനെയും എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്. മേയ് മാസം മുതൽ ഇവർക്കെതിരെ അന്വേഷണം നടക്കുകയാണ്. വിശ്വാസവഞ്ചന, തട്ടിപ്പ്, സാമ്പത്തിക തിരിമറി തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന റാൻബാക്സിയെ 2008ൽ ജപ്പാൻ ആസ്ഥാനമായ ഡയ്കി സാൻകോയ്ക്ക് വിറ്റിരുന്നു. വസ്തുതകൾ മറച്ചുവച്ച് വിൽപന നടത്തിയതിന്റെ പേരിൽ ഡയ്കി സാൻകോ നൽകിയ കേസിൽ ഇവർ 2,600 കോടിയോളം രൂപ പിഴയടയ്ക്കണമെന്ന് സിങ്കപ്പുർ കോടതി വിധിച്ചിരുന്നു.