jolly-

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിന് വ്യാജഒസ്യത്ത് ചമയ്ക്കാൻ ഒത്താശ ചെയ്തതിനടക്കം ആരോപണവിധേയയായ കോഴിക്കോട് എൽ.ആർ തഹസിൽദാർ ജയശ്രീക്കെതിരെ ജില്ലാ കളക്ടർ അന്വേഷണം തുടങ്ങി. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണം. ഇന്നലെ വൈകിട്ട് ഉന്നതോദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്ക് പിറകെ അന്വേഷണത്തിനായി ഡെപ്യൂട്ടി കളക്ടർ ബിജുവിനെ ചുമതലപ്പെടുത്തി.

ജോളിയുടെ അടുത്ത സുഹൃത്തായ ജയശ്രീ പല കാര്യങ്ങളിലും അവരെ വഴിവിട്ട് സഹായിച്ചിരുന്നതായാണ് വിവരം. നിയമബിരുദധാരി കൂടിയായ ജയശ്രീ വ്യാജഒസ്യത്ത് തയ്യാറാക്കുന്നതിൽ ഒപ്പം നിന്ന് പ്രവർത്തിച്ചില്ലെങ്കിലും എങ്ങനെ ഒസ്യത്ത് തയ്യാറാക്കണമെന്ന കാര്യത്തിൽ വ്യക്തമായ ഉപദേശം നൽകിയിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച സൂചന. വ്യാജഒസ്യത്തിന്റെ അടിസ്ഥാനത്തിൽ നികുതി സ്വീകരിക്കാൻ കൂടത്തായി വില്ലേജ് ഓഫീസറോട് നിർദ്ദേശിച്ചത് അന്ന് താമരശ്ശേരി ഡെപ്യൂട്ടി തഹസിൽദാറായിരുന്ന ജയശ്രീയാണ്.

താമരശ്ശേരിയിൽ ജോലി ചെയ്യുമ്പോൾ എല്ലാ ദിവസവും ജയശ്രീയെ ഓഫീസിൽ നിന്ന് വീട്ടിലേക്ക് കാറിലെത്തിച്ചിരുന്നത് ജോളിയായിരുന്നു. മാസങ്ങൾക്കു മുമ്പാണ് തഹസിൽദാരായി പ്രൊമോഷൻ ലഭിച്ച് കോഴിക്കോട്ടെത്തിയത്. ജോളിയെ ഇവർ സിവിൽ സ്റ്റേഷനിൽ കൊണ്ടുവന്നു പലർക്കും പരിചയപ്പെടുത്തിയിരുന്നു. ഭരണപക്ഷ സംഘടനയിൽ അംഗമായ ജയശ്രീയെ കുറ്റവിമുക്തയാക്കാൻ വൻസമ്മർദ്ദമുണ്ടെന്നാണ് വിവരം. കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ കർശനനടപടി സ്വീകരിക്കാൻ റവന്യു മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.