ഡോര്‍ട്ട്മുണ്ട്: ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബാൾ മത്സരങ്ങളിൽ അർജന്റീനയും ബ്രസീലും സമനിലയിൽ പിരിഞ്ഞു. 2-2ന് ജർമനിയെയാണ് മെസിയില്ലാതെ ഇറങ്ങിയ അർജന്റീനയുടെ യുവനിര സമനിലയിൽ തളച്ചത്. ബ്രസീലിനെ ആഫ്രിക്കൻ ടീം സെനഗൽ 1-1ന് തളയ്ക്കുകയായിരുന്നു.
ആദ്യ 25 മിനിട്ടിനിടെ രണ്ടു ഗോളുകൾ വഴങ്ങിയ ശേഷം രണ്ടാം പകുതിയിൽ ഗംഭീര തിരിച്ചുവരവു നടത്തിയാണ് അർജന്റീന വീരോചിത സമനില പിടിച്ചെടുത്തത്. മത്സരത്തിന്റെ 15-ാം മിനിട്ടിൽ ജർമ്മനി ലീഡ് നേടിയിരുന്നു. സീസണിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന സെർജി ഗ്നാബ്രിയായിരുന്നു ജർമനിക്കായി ആദ്യ വെടിമുഴക്കിയത്. അധികം വൈകാതെ ഹാവേർട്‌സ് ജർമനിയുടെ ലീഡ് ഇരട്ടിയാക്കി.
രണ്ടാം പകുതിയിൽ ഫോർമേഷനിൽ മാറ്റം വരുത്തി ശക്തമായി തിരിച്ചടിച്ച അർജന്റീന പിന്നീട് കളംപിടിക്കുകയായിരുന്നു.
66-ാം മിനിറ്റില്‍ മാർക്കോസ് അക്യൂണയുടെ പാസിൽ നിന്ന് ലൂക്കാസ് അലാറിയോ അർജന്റീനയ്ക്കായി ഒരു ഗോൾമടക്കി. 85-ാം മിനിട്ടിൽ അലാറിയോയുടെ പാസിൽ നിന്ന് ലൂക്കാസ് ഒക്കാപസ് അർജന്റീന കൊതിച്ച സമനില ഗോൾ കണ്ടെത്തുകയായിരുന്നു.
സിംഗപ്പൂരിൽ നടന്ന മത്സരത്തിൽ ഒമ്പതാം മിനിട്ടിൽ റോബർട്ടോ ഫിർമിനോയിലൂടെ ലീഡ് നേടിയ ശേഷമാണ് ബ്രസീൽ സമനില വഴങ്ങിയത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ പെനാൽട്ടിയിലൂടെ ഫമാര ഡൈഡ്യുവാണ് സെനഗലിനെ ഒപ്പമെത്തിച്ചത്.