jolly-

കോഴിക്കോട്: കൂടത്തായി കൊലക്കേസുകൾക്കിടെ സംശയമുന്നയിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ ചാത്തമംഗത്തെ പ്രാദേശിക കോൺഗ്രസ് നേതാവ് രാമകൃഷ്ണന്റെ മരണം സംബന്ധിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ഡി.സി.ആർ.ബി അസി. കമ്മിഷണർ രഞ്ജിത്തിനാണ് അന്വേഷണച്ചുമതല. റിയൽ എസ്റ്റേറ്റ് ഇടപാടും വാഹനക്കച്ചവടവുമുണ്ടായിരുന്ന രാമകൃഷ്ണൻ 2016 മേയ് 17 നാണ് മരിച്ചത്. ഉച്ചഭക്ഷണം കഴിഞ്ഞ് വീടിന്റെ മുകൾനിലയിൽ കിടക്കാൻ പോയ അദ്ദേഹം പെട്ടെന്നു വെള്ളം കുടിക്കാനായി താഴേക്ക് വരികയും വെള്ളം കുടിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് മകൻ രോഹിത് ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്.

പൊലീസ് നിരീക്ഷണത്തിലായ സുലേഖ - മജീദ് ദമ്പതികളുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു രാമകൃഷ്ണന്. ഇവരുമായി സാമ്പത്തിക ഇടപാടമുണ്ടായിരുന്നു അദ്ദേഹത്തിന്. സുലേഖയുടെ ബ്യൂട്ടി പാർലറിലാണ് ജോളി സ്ഥിരമായി വന്നിരുന്നത്.

മരിക്കുന്നതിന് മുമ്പ് രാമകൃഷ്ണന്റെ ഏതാണ്ട് അഞ്ചര ഏക്കർ സ്ഥലം 55 ലക്ഷം രൂപയ്ക്ക് വില്പന നടത്തിയിരുന്നു. എന്നാൽ ഈ തുകയെക്കുറിച്ച് തങ്ങൾക്ക് വിവരമില്ലെന്നാണ് വീട്ടുകാർ പറയുന്നത്. രാമകൃഷ്ണന്റെ മരണകാരണം ഹൃദയാഘാതമാണെന്ന് കരുതിയിരുന്ന കുടുംബം കൂടത്തായി കൊലപാതക പരമ്പര പുറത്തു വന്നതോടെ, സമാനസ്വഭാവമുള്ള മരണമായതിനാലും വലിയൊരു തുക അപ്രത്യക്ഷമായതിനാലും സംശയം പ്രകടിപ്പിക്കുകയായിരുന്നു. ജോളിയുടെ 'എൻ.ഐ.ടി ബന്ധ'ത്തിന്റെ പേരിൽ നിരീക്ഷണത്തിലായ ബ്യൂട്ടി പാർലർ ഉടമ സുലേഖയെയും ഭർത്താവ് മജീദിനെയും ഇന്നലെ വൈകിട്ട് പൊലീസ് ഓഫീസിൽ വിളിച്ചുവരുത്തിയിരുന്നു. ഒരു മണിക്കൂറോളം ചോദ്യം ചെയ്തെങ്കിലും തനിക്ക് ജോളിയുമായി ഒരു ബന്ധവുമില്ലെന്ന മുൻനിലപാടിൽ സുലേഖ ഉറച്ചുനിന്നതായാണ് വിവരം. ജോളി പാർലറിലെ ജീവനക്കാരിയായിരുന്നില്ലെന്നും പലപ്പോഴും വരാറുള്ള ഒരു കസ്റ്റമർ മാത്രമാണെന്നുമായിരുന്നു മൊഴി. കസ്റ്റഡിയിൽ വിട്ടുകിട്ടിയ ജോളിയെ വീണ്ടും വിശദമായി ചോദ്യം ചെയ്തുവരികയാണ്. വടകരയിലെ റൂറൽ എസ്.പി ഓഫീസിൽ വച്ചാണ് ചോദ്യംചെയ്യൽ. യുവതിയുടെ കൈയിലെത്തിയ സയനൈഡിന്റെ ബാക്കി സൂക്ഷിച്ചിരിക്കാൻ സാദ്ധ്യതയുണ്ടെന്നിരിക്കെ അത് കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. കൊലകൾക്ക് ഉപയോഗിച്ച സയനൈഡിന്റെ അവശേഷിപ്പ് ലഭിച്ചാൽ കേസിന് ബലം കൂടുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.