ramakrishnan-koodathayi-

കോഴിക്കോട്: ചാത്തമംഗലത്തെ പ്രാദേശിക കോൺഗ്രസ് നേതാവ് രാമകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് ബ്യൂട്ടി പാർലർ ഉടമ സുലേഖയേയും ഭർത്താവ് മജീദിനെയും പൊലീസ് ചോദ്യം ചെയ്തു. കോഴിക്കോട് ക്രൈം റെക്കോർഡ്സ് ബ്യുറോ അസിസ്റ്റന്റ് കമ്മീഷണർ ടി പി രഞ്ജിത്താണ് ഇവരെ ചോദ്യം ചെയ്തത്. രാമകൃഷ്ണന്‍റെ മകൻ രോഹിതിന്‍റെ പരാതിയിലാണ് നടപടി. അച്ഛൻ സാമ്പത്തിക തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ജോളിക്കും സുലേഖക്കും ഇതിൽ പങ്കുണ്ടെന്നുമായിരുന്നു പരാതി. രാവിലെ രാമകൃഷ്ണന്റെ വീട്ടിലെത്തി രോഹിത്തിന്റെയും അമ്മയുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. രാമകൃഷ്ണന്റെ ഭാര്യാ സഹോദരങ്ങളേയും ഓഫിസിൽ വിളിപ്പിച്ച് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.

രാമകൃഷ്ണന്റെ മരണത്തിലും ജോളിയ്ക്ക് പങ്കുണ്ടോ എന്ന് സംശയിക്കുന്നതായി മകൻ രോഹിത് റൂറൽ എസ്‍.പിയ്ക്ക് പരാതി നൽകിയിരുന്നു. ജോളി സ്ഥിരമായി സന്ദർശിച്ചിരുന്ന ബ്യൂട്ടി പാർലർ ഉടമ സുലേഖയുമായി രാമകൃഷ്ണനും കുടുംബത്തിനും നല്ല ബന്ധമുണ്ടായിരുന്നു. രാമകൃഷ്ണന്റെ പാരമ്പര്യ സ്വത്ത് വിറ്റ 55 ലക്ഷം രൂപ എവിടെയെന്നറിയില്ലെന്നും മക്കൾക്ക് ആർക്കും അത് കിട്ടിയിട്ടില്ലെന്നും അത് ജോളി തട്ടിയെടുത്തോ എന്ന് സംശയിക്കുന്നുണ്ടെന്നുമാണ് രോഹിതിന്റെ പരാതി.