ഗോഹട്ടി: അണ്ടർ 19 വിനൂ മങ്കാദ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ആസാമിനെതിരേ കേരളത്തിന് രണ്ട് വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആസാം 50 ഓവറിൽ 184 റൺസ് എടുത്ത് ആൾ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഓപ്പണർ ആദിദേവ് ടി.ജിയുടെയും(50 പന്തിൽ 34) ഏഴാം നമ്പർ ബാറ്റ്‌സ്മാൻ ആൽഫി ഫ്രാൻസിസിന്റെയും (40 പന്തിൽ 47) കരുത്തില്‍ 45-ാം ഓവറിൽ വിജയലക്ഷ്യം കണ്ടെത്തി. നേരത്തേ പത്ത് ഓവറിൽ 35 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത ആല്‍ഫി ഫ്രാന്‍സിസ് തന്നെയാണ് ആസാമിനെ എറിഞ്ഞൊതുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതും. കിരൺ സാഗർ രണ്ടും അഖിൻ, മോഹിത് ഷിബു എന്നിവർ ഓരോ വിക്കറ്റും നേടി.

ആസാമിനായി ഓപ്പണര്‍ നിബിര്‍ ധാക്കാ(80 പന്തില്‍ 40), നിഹാര്‍ ധാക്കാ(49 പന്തില്‍ 26), ദെനിഷ് ദാസ്( 46 പന്തില്‍ 35), നാസിര്‍ ഉല്ല(42 പന്തില്‍ 61) എന്നിവര്‍ മികച്ച തുടക്കം നല്‍കി. മധ്യനിരയെ കേരള ബോളര്‍മാര്‍ എറിഞ്ഞൊതുക്കിയതോടെ വാലറ്റവും വേഗം കൂടാരം കയറി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് ഏഴ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ടാം ഓവറില്‍ ഓപ്പണര്‍ മുഹമ്മദ് കൈഫിനെ (രണ്ട് പന്തില്‍ പൂജ്യം) നഷ്ടമായി. പിന്നീടെത്തിയ ക്യാപ്റ്റന്‍ വരുണ്‍ നയനാറിനും(42 പന്തില്‍ 14) കാര്യമായി ഒന്നും ചെയ്യാനാവാഞ്ഞതോടെ കേരളം പതറി. പിന്നീട് വന്ന അനന്തകൃഷ്ണനും(19 പന്തില്‍ 6), ഷോണ്‍ റോജറും(33 പന്തില്‍ 16), അഭിഷേക് നായരും(55 പന്തില്‍ 17) ആസാം ബോളര്‍മാര്‍ക്ക് മുന്നില്‍ പതറിയതോടെ കേരളം പരാജയം മണത്തു. എന്നാല്‍ ഏഴാം വിക്കറ്റില്‍ വാലറ്റത്തെ കൂട്ടുപിടിച്ച് ആല്‍ഫി ഫ്രാന്‍സിസ് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് കേരളത്തെ കരകയറ്റിയത്. 41-ാം ഓവറിലെ ആദ്യ പന്തില്‍ ടീം സ്‌കോര്‍ 160ല്‍ നില്‍ക്കുമ്പോള്‍ ആബ്ദുല്‍ അജിജ് കുറൈഷിയുടെ പന്തില്‍ റിഷഭ് ദിപോക്കിന് ക്യാച്ച് നല്‍കി ആല്‍ഫി ഫ്രാന്‍സിസ് മടങ്ങുമ്പോഴേക്കും കേരളം വിജയതീരത്തെത്തിയിരുന്നു. പിന്നീടെത്തിയ മോഹിത് ഷിബു (16 പന്തില്‍ 21) തകര്‍ത്തടിച്ചതോടെ കേരളം വിജയം കണ്ടു. ആസാമിനായി ദസ്‌റത് കുമാര്‍, അബ്ദുല്‍ അജിജ് കുറൈഷി എന്നിവര്‍ മൂന്ന് വിക്കറ്റും ആകാശ് സെന്‍ഗുപ്ത, റിഷഭ് ദിപോക് എന്നിവര്‍ ഓരോ വിക്കറ്റും നേടി.