muthoot

കൊച്ചി: മുത്തൂറ്റ് ഫിനാൻസിലെ ഒരു വിഭാഗം ജീവനക്കാർ 52 ദിവസമായി നടത്തിവന്ന പണിമുടക്ക് ഒത്തുതീർപ്പായി. ഹൈക്കോടതി നിരീക്ഷകന്റെ സാന്നിദ്ധ്യത്തിൽ മാനേജ്‌മെന്റ്‌ പ്രതിനിധികളും ജീവനക്കാരുടെ സംഘടനയുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ്‌ തീരുമാനം. തൊഴിലാളികൾ ഇന്നു മുതൽ ജോലിക്ക് ഹാജരാകും.
വേതന വർദ്ധനവ് എന്ന ആവശ്യം മാനേജ്മെന്റ് തത്വത്തിൽ അംഗീകരിച്ചു.എല്ലാ ജീവനക്കാർക്കും ഒക്‌ടോബർ ഒന്നു മുതൽ 500 രൂപ ഇടക്കാലാശ്വാസമായി അനുവദിക്കും. തടഞ്ഞുവച്ച ഇ.എസ്.ഒ.പി ആനുകൂല്യം അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് വിതരണം ചെയ്യും. സസ്പെൻഡ് ചെയ്ത എല്ലാ ജീവനക്കാരെയും തിരിച്ചെടുക്കും. പണിമുടക്കിന്റെ പേരിൽ തൊഴിലാളികൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കില്ല. സ്ഥാപനത്തിൽ സർട്ടിഫൈഡ് സ്റ്റാൻഡിംഗ് ഓർഡർ നടപ്പാക്കുന്നത് സംബന്ധിച്ച് തൊഴിൽവകുപ്പ് നിയമാനുസൃത നടപടി സ്വീകരിക്കും. എല്ലാ ജീവനക്കാർക്കും നിയമപ്രകാരമുള്ള ബോണസ് തൊഴിൽവകുപ്പ് ഉറപ്പാക്കും. തടഞ്ഞുവച്ച 25 ശതമാനം വാർഷിക ഇൻക്രിമെന്റ് 2019 ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ വിതരണം ചെയ്യാനും തീരുമാനിച്ചു.
ഒത്തുതീർപ്പു വ്യവസ്ഥയിൽ മാനേജ്മെന്റ് പ്രതിനിധികളും മുത്തൂറ്റ് ഫിനാൻസ് നോൺ ബാങ്കിംഗ് ആൻഡ്‌ പ്രൈവറ്റ്‌ ഫിനാൻസ്‌ എംപ്ലോയീസ്‌ അസോസിയേഷൻ (സി.ഐ.ടി.യു) പ്രതിനിധികളും ഒപ്പുവച്ചു. ഹൈക്കോടതി നിരീക്ഷകൻ അഡ്വ. ലിജി വടക്കേടം ചർച്ചയ്ക്ക്‌ നേതൃത്വം നൽകി. മാനേജ്മെന്റിനു വേണ്ടി ജനറൽ മാനേജർ സി.വി. ജോൺ, തോമസ് ജോൺ, ലിജു എം. ചാക്കോ, സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻപിള്ള തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.