crime-

മലപ്പുറം:തിരൂരിൽ സ്വകാര്യബസിൽ കണ്ടക്ടർ യാത്രക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ലൈംഗികാതിക്രമം സഹയാത്രിക മൊബൈൽ ഫോണിൽ പകർത്തി പൊലീസിന് കൈമാറി. ദൃശ്യങ്ങൾ പരിശോധിച്ച് സ്വമേധയാ കേസെടുത്ത് അന്വേഷണവുമായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

തിരൂരിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യബസിലെ കണ്ടക്ടറാണ് പതിനഞ്ചു വയസിൽ താഴെ മാത്രം പ്രായമുളള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. അതേബസിൽതന്നെ യാത്ര ചെയ്ത ഒരു യാത്രക്കാരിയാണ് രഹസ്യമായി ഇത് ചിത്രീകരിച്ചത്.

ബസിന്റെ മുൻഭാഗത്തെ ഡോറിലെ പടിയിൽനിന്നാണ് ബാലികയ്ക്കുനേരെ അതിക്രമം നടത്തിയത്. അമ്മയ്ക്ക് ഒപ്പം യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടി. വീഡിയോ ചിത്രീകരിച്ച യുവതി തിരൂർ സ്റ്റാൻഡിലെത്തിയപ്പോൾ സംഭവം പെൺകുട്ടിയുടെ അമ്മയോട് പറഞ്ഞെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമെന്ന ഭീതിയിൽ പൊലീസിൽ പരാതിപ്പെടാൻ തയാറായിട്ടില്ല. തുടർന്നാണ് ദൃശ്യങ്ങൾ യുവതി പൊലീസിന് കൈമാറിയത്.

ദൃശ്യങ്ങൾ പരിശോധിച്ച് സ്വമേധയാ കേസെടുക്കാനാണ് പൊലീസ് തീരുമാനം. എന്നാൽ ബസിനെക്കുറിച്ചും, കണ്ടക്ടറെക്കുറിച്ചും പൊലീസിന് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.