peter-

സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരത്തിവ് അർഹനായത് ഓസ്ട്രിയൻ നോവലിസ്റ്റും നാടകകൃത്തും വിവർത്തകനുമായ പീറ്റർ ഹാൻഡ്കെയ്ക്കാണ്.. തിരക്കഥാകൃത്ത്.. സംവിധായകൻ എന്ന നിലകളിലും പ്രശസ്തനാണ് പീറ്റർ ഹാൻഡ്കെ. 1978ൽ അദ്ദേഹം സംവിധാനം ചെയ്ത ദി ലെഫ്റ്റ് ഹാൻഡ് വിമൻ എന്ന ചിത്രത്തിന് ആ വർഷം കാൻസിൽ ഗോൾഡൻ പാം നോമിനേഷൻ ലഭിച്ചിരുന്നുവെന്നും ഓർക്കുക.. ഭാഷാപരമായ ചാതുര്യം ഉപയോഗിച്ച് മനുഷ്യാനുഭവത്തിന്റെ പരിധികളെയും പ്രത്യേകതകളെയും അന്വേഷിച്ച എഴുത്താണ് പീറ്റർ ഹൻഡ്കെയുടെതെന്ന് പുരസ്‌കാര പ്രഖ്യാപന വേളയിൽ അക്കാദമി വിലയിരുത്തി.

കുട്ടിക്കാലവും അതിൽ നിന്നുണ്ടായ ദുരനുഭവങ്ങളും ഹാൻഡ്‌കെയുടെ എഴുത്തിലും പ്രതിഫലിച്ചിട്ടുണ്ട്.

ദക്ഷിണ ഓസ്ട്രിയയിലെ ഗ്രിഫെന്‍ എന്ന ഗ്രാമത്തിൽ 1942ലാണ് പീറ്റർ ഹാൻഡ്കെ ജനിച്ചത്. സ്ലൊവേനിയൻ ന്യൂനപക്ഷത്തിൽപ്പെട്ട അദ്ദേഹത്തിന്റെ അമ്മ മരിയയുടെ ജന്മസ്ഥലം കൂടിയായിരുന്നു അത്. ഒരു ജർമ്മൻ പട്ടാളക്കാരനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. പീറ്റർ ഹാൻഡ്കെയും സഹോദരങ്ങളും അമ്മയുടെയും രണ്ടാം ഭർത്താവ് ബ്രൂണോ ഹാൻന്‍ഡ്കെയുടെയും സംരക്ഷണയിലാണ് വളർന്നത്.

1944-48 കാലഘട്ടത്തിൽ ബെർലിനിലെ പാങ്കോയിലാണ് ഹാൻഡ്‌കെ താമസിച്ചിരുന്നത്. 1971 ലാണ് ഹാൻഡ്‌കെയുടെ അമ്മ ആത്മഹത്യ ചെയ്യുന്നത്. എ സോറോ ബിയോണ്ട് ഡ്രീംസ് എന്ന ഹാൻഡ്‌കെയുടെ രചനയിൽ അമ്മ കാരിന്ത്യൻ സ്ലോവീന്റെ ജീവിതത്തിന്റെ അംശങ്ങൾ കാണാം. അമിത മദ്യപാനിയായിരുന്നു ഹാൻഡ്‌കെയുടെ രണ്ടാനച്ഛൻ. അയാളിൽ നിന്നും ഹാൻഡ്‌കെ അനുഭവിച്ച കൊടിയ പീഡനങ്ങളും ഹാൻഡ്‌കെയുടെ രചനയിൽ കാണാം

1961ൽ അദ്ദേഹം ഗ്രാസ് സർവകലാശാലയിൽ നിയമപഠനം ആരംഭിച്ചുവെങ്കിലും പൂർത്തിയാക്കിയില്ല.ചെറുപ്പത്തിൽ തന്നെ വായനയോടും എഴുത്തിനോടും വാസനയുണ്ടായിരുന്ന ഹാൻഡ്‌കെ പഠന കാലത്ത് തന്നെ എഴുത്തുകാരൻ എന്ന നിലയിൽ പേരെടുത്തിരുന്നു. 1965 ൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ഹാൻഡ്‌കെ ‘ദി ഹോർണെറ്റ്‌സ്’ എന്ന പുസ്തകം പുറത്തിറക്കി.

മുൻ യൂഗോസ്ലാവ് പ്രസിഡന്റ് സ്ലോബോഡൻ ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച ഹാൻഡ്‌കെയുടെ നടപടി വിവാദത്തിലായിരുന്നു.