വായുസഞ്ചിയില്ല
ശരീരത്തിൽ വായുസഞ്ചിയില്ലാത്തതിനാൽ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സ്രാവുകൾക്ക് കഴിയില്ല. മുട്ടയിടുന്ന സ്രാവുകളും കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവുകളും ഉണ്ട്. മെർമെയ്ഡ് പേഴ്സ് എന്ന പ്രത്യേക അറയിലാണ് മുട്ടകൾ നിക്ഷേപിക്കുന്നത്.
സ്രാവിന്റെ മാംസം
ഭക്ഷയോഗ്യമായ സ്രാവിറച്ചി ശിതീകരിച്ചു ഉപ്പിലാക്കിയും ടിന്നിലടച്ചും സൂക്ഷിക്കാറുണ്ട്. സ്രാവിന്റെ ചിറകിൽനിന്ന് സൂപ്പ് ഉണ്ടാക്കാറുണ്ട്. ജീവകം എ ധാരാളമായി അടങ്ങിയിരിക്കുന്ന എണ്ണ സ്രാവിന്റെ കരളിൽനിന്നും ലഭിക്കും.
സ്രാവിന്റെ തൊലി തുകൽ നിർമ്മാണത്തിന് ഉപയോഗിക്കുന്നു. സ്രാവിന്റെ പല്ലുകൾ ആഭരണമായി ഉപയോഗിക്കാറുണ്ട്.
മൂക്കൻസ്രാവ്
കേരള തീരത്ത് കാണപ്പെടുന്ന സ്രാവ് മേൽഭാഗം മഞ്ഞകലർന്ന ഉരുണ്ട തവിട്ടുനിറമാണ്. അടിഭാഗം വെളുത്തിട്ടാണ്. വലിപ്പം കുറഞ്ഞ മൂക്കൻ സ്രാവ് പ്രസവിക്കുന്ന ഇനമാണ്. ഭക്ഷ്യയോഗ്യമാണ് ഇറച്ചി.
പൂയി സ്രാവ്
ആളുപിടിയൻ സ്രാവ് എന്ന പേരും ഇതിനുണ്ട്. മാംസഭോജികളാണ് . താടി, തല എന്നിവ താരതമ്യേന പരന്നതായി കാണപ്പെടുന്നു.
കറുത്ത വാലൻ സ്രാവ്
നീണ്ടുരുണ്ട ശരീരമാണ് കറുത്തവാലൻ സ്രാവ്. ശരീരത്തിന്റെ ഉപരിഭാഗം ഉരുണ്ട ചാര നിറത്തിലും അടിഭാഗം മഞ്ഞകലർന്ന വെള്ളനിറത്തിലും കാണപ്പെടുന്നു.
ചട്ടിത്തലയൻ/ചുറ്റികത്തലയൻ സ്രാവ്
പേരിൽനിന്ന് തന്നെ സ്രാവിന്റെ സ്വഭാവം മനസിലാക്കാം. തല ചുറ്റികപോലെ കാണപ്പെടുന്നതിനാലാണ് ഇൗ പേര്. ശരീരത്തിന്റെ മേൽഭാഗത്തിന് തവിട്ടു കലർന്ന ഒലീവ് നിറമാണ്. ചാരം കലർന്ന വെള്ളിനിറമാണ് ശരീരത്തിന്റെ അടിഭാഗത്തിന്. വേഗത്തിൽ നീന്താൻ ഇവയ്ക്ക് കഴിയും.
പൂച്ച സ്രാവ്
ഉടുമ്പ് സ്രാവ് എന്ന് പ്രാദേശികമായി അറിയപ്പെടുന്നു. മെലിഞ്ഞ് നീണ്ട ശരീര പ്രകൃതിയാണുള്ളത്. നേരിയ തവിട്ടുനിറമാണ്. ശരീരത്തിന്റെ മേൽഭാഗത്തിനും അടിഭാഗത്തിനും ക്രീം നിറമാണ്. കറുത്ത പൊട്ടുകൾ വാൽ, ചിറക്, ശരീരം എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ചെറിയ സമുദ്രജീവികളെ ഇവ ഭക്ഷണമാക്കുന്നു. മുട്ടയിടുന്ന ഇനമാണ്.
തിമിംഗല സ്രാവ്
വലിയ സ്രാവ്. പച്ചകലർന്ന ഇരുണ്ട ശരീരമാണ്. തിമിംഗല സ്രാവിന് വെള്ള, മഞ്ഞ എന്നീ നിറങ്ങൾ കലർന്ന പൊട്ടുകൾ ശരീരത്തിന്റെ വശങ്ങളിൽ കാണാം. മുട്ടയിടുന്ന സ്രാവാണ്. സസ്യപ്ളവകങ്ങളെ ചെകിളപ്പൂക്കൾവഴി ഭക്ഷണമാക്കുന്നു. കരളിൽ നിന്നും എണ്ണ ഉത്പാദിപ്പിക്കാം. ഭക്ഷ്യയോഗ്യമാണ് മാംസം. ത്വക്ക് തുകൽ നിർമ്മാണത്തിന് ഉപയോഗിക്കുന്നു. എല്ലുകൾ വള നിർമ്മാണത്തിനും ഉപയോഗിക്കുന്നു. വെയിലേൽക്കാനായി സമുദ്റോപരിതലത്തിൽ തിമിംഗ സ്രാവുകൾ പ്രത്യക്ഷപ്പെടാറുണ്ട്.