jolly

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിൽ പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതികളെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും. താമരശേരി മജിസ്ട്രേട്ട് കോടതി ആറു ദിവസത്തെ കസ്റ്റഡിയിൽ വിട്ട ജോളി, മറ്റു പ്രതികളായ ജൂവലറി ജീവനക്കാരൻ മാത്യു, സ്വർണപ്പണിക്കാരൻ പ്രജുകുമാർ എന്നിവരെയാണ് തെളിവെടുപ്പിന് കൊണ്ടുപോകുക.

മുഖ്യപ്രതി ജോളിയെ ആദ്യം പൊന്നാമറ്റം വീട്ടിലാണ് തെളിവെടുപ്പിനായി കൊണ്ടുപോകുക. കൊലയ്ക്ക് ഉപയോഗിച്ച സയനൈഡിന്റെ ബാക്കിഭാഗം കണ്ടെത്തുകയെന്നതാണ് പ്രധാനമായും അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. കോഴിക്കോട് എൻ.ഐ.ടി ക്യാമ്പസിലും തെളിവെടുപ്പിനായി ജോളിയെ കൊണ്ടുപോകുമെന്നാണ് സൂചന.

കൂടാതെ മറ്റ് പ്രതികളെ വിവിധ കേന്ദ്രങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകും. ജനക്കൂട്ടത്തിന്റെ പ്രതിഷേധം കണക്കിലെടുത്ത് വൻ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ മരണത്തിൽ മാത്രമായിരുന്നു ഇതുവരെ കേസ്. എന്നാൽ ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണത്തിലും താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

ജോളിക്കു വേണ്ടി വക്കാലത്ത് ഏറ്റെടുത്തത് കൊടുംകുറ്റവാളികളുടെ കേസ് ഏറ്റെടുക്കുന്നതിലൂടെ വിവാദ പുരുഷനായ അഡ്വ. ബി.എ ആളൂർ ആണ്. കേസ് കെട്ടിച്ചമച്ചതാണെന്നും കുറ്റകൃത്യങ്ങൾ നടത്തിയ വേളയിലെ ജോളിയുടെ മാനസിക നില പരിശോധിക്കണമെന്നും പ്രതിഭാഗം വാദിച്ചു. അത്യപൂർവവും അതിസങ്കീർണവുമായ കേസ് ആയതിനാൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, 15 ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി ആറു ദിവസത്തെ കസ്റ്റഡിയേ അനുവദിച്ചുള്ളൂ. ജോളിക്കായി വക്കാലത്തു നൽകിയത് കട്ടപ്പനയിലെ ബന്ധുക്കളിൽ ചിലരാണെന്ന് അഡ്വ. ആളൂർ പ്രതികരിച്ചു. ആളൂർ അസോസിയേറ്റ്‌സിലെ അഭിഭാഷകർ ഷഫിൻ, ഹിജാസ് എന്നിവരാണ് ഇന്നലെ താമരശേരി കോടതിയിൽ ജോളിക്കു വേണ്ടി ഹാജരായത്.

അതേസമയം, ആദ്യഭർത്താവ് റോയിയെ കൊലപ്പെടുത്താൻ നാലു കാരണങ്ങളാണ് ജോളി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് നൽകിയ കസ്റ്റഡി അപേക്ഷയിൽ പരാമർശിക്കുന്നു. പരപുരുഷബന്ധം ആരോപിച്ച് റോയി നിരന്തരം ചോദ്യംചെയ്തു, റോയിയുടെ അമിതമദ്യപാനം, അന്ധവിശ്വാസം, റോയിക്ക് സ്ഥിരവരുമാനം ഇല്ലാത്തതിനാൽ തനിക്കുണ്ടായ കടുത്ത നിരാശ എന്നിവ കൊലയ്ക്കു പ്രേരണയായെന്ന് ജോളി വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്.