jolly

കോഴിക്കോട്:​ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി നിരവധി തവണ കോയമ്പത്തൂരിൽ പോയതായി സൂചന. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായ‌ത്. ഒാണം അവധി ദിവസങ്ങളിൽ രണ്ട് ദിവസം ജോളി കോയമ്പത്തൂരിലേക്ക് പോയിരുന്നെന്നാണ് കണ്ടെത്തൽ. കട്ടപ്പനയിലേക്കെന്ന് പറഞ്ഞാണ് അമ്മ വീട്ടിൽ നിന്നിറങ്ങിയതെന്ന് ജോളിയുടെ മകൻ റോജോ പറഞ്ഞു. പൊലീസ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.

അതേസമയം, താൻ ചെയ്ത കുറ്റത്തിന്റെ ഗൗരവമൊന്നും കാണിക്കാതെയാണ് ജോളിയുടെ പെരുമാറ്റം. എന്റെ ശരീരത്തിൽ ചില സമയങ്ങളിൽ പിശാച് കയറും. ആ സമയങ്ങളിൽ ഞാൻ എന്തുചെയ്യുമെന്ന് പറയാനാകില്ല... കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കാൻ പോകവേ ജോളി പറഞ്ഞ വാചകങ്ങളാണ് ഇത്.

അതേസമയം,​ താമരശേരി മജിസ്ട്രേട്ട് കോടതി ആറു ദിവസത്തെ കസ്റ്റഡിയിൽ വിട്ട ജോളി, മറ്റു പ്രതികളായ ജൂവലറി ജീവനക്കാരൻ മാത്യു, സ്വർണപ്പണിക്കാരൻ പ്രജുകുമാർ എന്നിവരെ തെളിവെടുപ്പിനായി കൊണ്ടുപോയി. മുഖ്യപ്രതി ജോളിയുമായി അന്വേഷണ സംഘം പൊന്നാമറ്റം വീട്ടിലേക്ക് പുറപ്പെട്ടു. ഇതുവരെ ആദ്യ ഭർത്താവ് റോയിയുടെ മരണത്തിൽ മാത്രമായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ മറ്റ് മരണങ്ങളിലും പ്രത്യേകം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചേക്കും.