red-159

''ഡോണ്ട് മൂവ്...."

ആ രൂപത്തിൽ നിന്ന് അല്പം പോലും വെളിച്ചം മാറാതെ ശ്രദ്ധിച്ചുകൊണ്ട് സി.ഐ അലിയാർ റിവോൾവർ ചൂണ്ടി ഗർജ്ജിച്ചു.

അതുകേട്ട് എസ്.ഐ സുകേശും പൊലീസുകാരും ജാഗരൂകരായി.

അലിയാർ കരുതലോടെ തട്ടിൻപുറത്തേക്കു കയറി.

ആ രൂപത്തിന് അനക്കമില്ല. തന്നെ ആക്രമിക്കുവാൻ അത് സന്ദർഭം കാത്തുനിൽക്കുകയാണെന്ന് അലിയാർക്കു തോന്നി.

എന്നാൽ...

അടുത്ത നിമിഷം അലിയാർ ലജ്ജിച്ചു.

അതൊരു ജീവനുള്ള രൂപം ആയിരുന്നില്ല.

ഒരു പ്രതിമ!

അതിൽ ചിലന്തിവലകൾ മൂടപ്പെട്ടിരുന്നു.

''ഛേ..." അലിയാർ റിവോൾവർ താഴ്‌‌ത്തി.

''എന്താ സാർ?"

താഴെനിന്ന് സുകേശിന്റെ ചോദ്യം.

''ഇതൊരു പ്രതിമയാടോ..."

അലിയാർ പറഞ്ഞു. പിന്നെ അഞ്ചടി അകലത്തിലുള്ള പ്രതിമയ്ക്ക് അടുത്തെത്തി.

ഒരു ലോഹ പ്രതിമയായിരുന്നു അത്. പണ്ടുകാലത്തുണ്ടായിരുന്ന ഏതോ രാജാവിന്റേത് ആണ് അതെന്ന് അനുമാനിച്ചു.

അയാൾ വിശാലമായ തട്ടിൻപുറത്തിന്റെ നാനാദിക്കിലേക്കും തിരിഞ്ഞു.

ഹെഡ്‌ലൈറ്റിന്റെ വെളിച്ചം നാലുപാടും പാഞ്ഞു.

ലക്ഷങ്ങളോ കോടികളോ വിലമതിക്കുന്ന ചെമ്പും ഓടും പിത്തളയും കൊണ്ട് ഉണ്ടാക്കിയ ഉപകരണങ്ങളായിരുന്നു അവിടെ...

ഒരൊറ്റ മനുഷ്യജീവി പോലുമില്ല...!

പെട്ടെന്ന് ഒരു ചീറ്റൽ...

അലിയാർ വെട്ടിത്തിരിഞ്ഞു. വെളിച്ചത്തിൽ രണ്ട് ചുവന്ന കല്ലുകളുടെ തിളക്കം പോലെയാണ് ആദ്യം തോന്നിയത്...

പിന്നെ കണ്ടു...

മുകൾഭാഗത്ത് മയിൽ രൂപമുള്ള ഒരു നിലവിളക്കിൽ ചുറ്റി ഫണം ഉയർത്തി നിൽക്കുന്ന മൂർഖൻ പാമ്പ്!

അതിനു സ്വർണ്ണ നിറമായിരുന്നു.

അലിയാർ വേഗം താഴേക്കിറങ്ങി. എസ്.ഐയോടും പോലീസുകാരോടും കാര്യം അറിയിച്ചു.

''അപ്പോൾ സുരേഷ് കിടാവിനെ ചവുട്ടി വീഴ്‌ത്തിയെന്നു പറഞ്ഞത്?"

എസ്.ഐയ്ക്കു സന്ദേഹം.

''ഒരുപക്ഷേ ആ പ്രതിമ കണ്ടപ്പോൾ ജീവനുള്ള ആരോ ആണെന്നു കരുതി ഭയന്നു കാൽ വഴുതിയതാവാം... അല്ലെങ്കിൽ ആ പാമ്പ് അയാൾക്കു നേരെ കുതിച്ചു വന്നിരിക്കാം. ഒരു നിമിഷത്തെ തോന്നലിൽ അങ്ങനെ സംഭവിച്ചതാകാം."

അതിനാണു സാദ്ധ്യതയെന്ന് മറ്റുള്ളവർക്കും തോന്നി.

കുറച്ചകലെ ഭീതിയോടെ ജോലിക്കാരി ഭാനുമതി നിൽപ്പുണ്ടായിരുന്നു...

അലിയാർ അവരെ അടുത്തു വിളിച്ചു.

''ഇവിടെയെങ്ങും ഒന്നുമില്ല കേട്ടോ. ഞങ്ങൾ പോകുകയാ..."

അവരോടു പറഞ്ഞിട്ട് അലിയാരും സംഘവും മടങ്ങി.

........................... ........................

ആ നേരത്ത് നിലമ്പൂർ ആശുപത്രിയിൽ മറ്റൊരു ദുരന്തം സംഭവിച്ചിരുന്നു.

സുരേഷ് കിടാവ് മരിച്ചു!

ശിരസ്സിനു പിന്നിലേറ്റ പരിക്കാണ് മരണ കാരണമെന്ന് ഡോക്ടർന്മാർ പറഞ്ഞു.

എം.എൽ.എ ശ്രീനിവാസ കിടാവ് ഒരു ശിലപോലെ ഇരുന്നു.

രേണുകയും ഹേമലതയും കുട്ടികളും അലറിക്കരഞ്ഞു.

തന്റെ ഏക മകൻ!

ജീവിതത്തിൽ ആദ്യമായി ശ്രീനിവാസ കിടാവിനു സങ്കടം തോന്നി.

താൻ ഇതുവരെ വെട്ടിപ്പിടിച്ചതും പിടിച്ചു പറിച്ചതും വെറുതെയായി എന്നൊരു തോന്നൽ...

എങ്കിലും തോൽവി സമ്മതിക്കുവാൻ അയാളുടെ മനസ്സ് അനുവദിച്ചില്ല...

*********

നാടുകാണി.

ചുറ്റും നിറഞ്ഞ മുളം കാടുകൾക്കു നടുവിൽ ഒരു പ്ളാസ്റ്റിക് ടാർപ്പാളിൻ വലിച്ചുകെട്ടി ഉണ്ടാക്കിയ ഷെഡ്ഡിൽ ഉണ്ടായിരുന്നു ചന്ദ്രകലയും പ്രജീഷും.

അവരുടെ കൈകൾ രണ്ട് ചെറിയ മുളകൾക്കിടയിലൂടെ കടത്തി ബന്ധിപ്പിച്ചിരിക്കുകയാണ്.

ഇരുവരും സകല പ്രതീക്ഷകളും അസ്തമിച്ച്, മുളയിലകൾക്കു പുറത്ത് പിന്നോട്ട് മുളകളിൽ ചാരി ഇരുന്നു.

അവരെ അവിടേക്കു കൊണ്ടുവന്ന ജീപ്പ് മടങ്ങിപ്പോയിരുന്നു.

കാവലായി ഒരാൾ മാത്രം.

ശിവലിംഗം.

കുറച്ചകലെ ഒരു കല്ലിൽ അശ്രദ്ധനായി ഇരുന്ന് പുകവലിക്കുകയാണ് അയാൾ.

അഴിച്ചുവിട്ടാൽ പോലും ചന്ദ്രകലയ്ക്കോ പ്രജീഷിനോ അവിടെ നിന്നു രക്ഷപ്പെടാൻ കഴിയില്ലെന്ന് ശിവലിംഗത്തിന് അറിയാം.

തങ്ങളുടെ കാലുകളിൽ അസംഖ്യം കുളയട്ടകൾ ചോര കുടിച്ച് കടിച്ചുപറ്റിയിരിക്കുന്നത് ചന്ദ്രകലയും പ്രജീഷും കണ്ടു.

അവ കടിച്ച ഭാഗത്ത് അസഹ്യമായ നീറ്റലും ചൊറിച്ചിലും.

ഒന്നു ചൊറിയുവാൻ പോലും കഴിയാത്ത അവസ്ഥ.

പ്രജീഷിന് അസ്വസ്ഥതയേറി.

അയാൾ, ശിവലിംഗത്തെ നോക്കി ചീറി:

''ഞങ്ങടെ കയ്യൊന്ന് അഴിച്ചുവിടുകയെങ്കിലും ചെയ്യെടാ... ഒരിടത്തേക്കും ഞങ്ങൾ ഓടിപ്പോകത്തില്ല. ഈ അട്ടകളെ ഒന്ന് എടുത്തു കളയുകയെങ്കിലും ചെയ്യട്ടെ."

പുകയിലക്കറ പിടിച്ച പല്ലുകൾ പുറത്തുകാട്ടി ശിവലിംഗം ചിരിച്ചു.

''നടക്കത്തില്ല സാറേ... അങ്ങനെ ചെയ്യാനുള്ള അനുവാദം എനിക്കില്ല. അത് നിങ്ങൾ മരിച്ചാൽ പോലും!"

അടുത്ത നിമിഷം.

ഒരു കാട്ടാനയുടെ ചിന്നംവിളി!

(തുടരും)