തൃശൂർ: ആയുർവേദചികിത്സയിലൂടെ നേത്രപരിചരണം ഉറപ്പുവരുത്താനും വൈകല്യങ്ങൾ ഭേദമാക്കാനും ലക്ഷ്യമിട്ട് ഭാരതീയ ചികിത്സാവകുപ്പ് നടത്തിയ രണ്ട് പദ്ധതി വഴി ഒരാണ്ടിൽ ചികിത്സ തേടിയത് 30,000 പേർ. കുട്ടികളിൽ കൂടുതലും വിഷമദൃഷ്ടിയെന്ന രോഗാവസ്ഥയുളളതായാണ് സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടത്തുന്ന 'ദൃഷ്ടി' പദ്ധതിയുടെ കണ്ടെത്തൽ. പ്രമേഹബാധയെ തുടർന്നുളള അന്ധതയും അനുബന്ധ രോഗങ്ങളും മുതിർന്നവരിൽ കൂടിവരുന്നതായാണ് 'പ്രിസം' പദ്ധതി വ്യക്തമാക്കുന്നത്. കുട്ടികളിൽ കാഴ്ചവൈകല്യം കൂടുന്നതായാണ് ഏഴ് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് സ്‌കൂളുകളിൽ നടത്തിയ പരിശോധനയിൽ വെളിപ്പെടുന്നത്. വിഷമദൃഷ്ടിയുടെ ലക്ഷണങ്ങളായ കാഴ്ചയ്ക്ക് വ്യക്തതയില്ലായ്മ, കണ്ണിന് വേദന, തലവേദന എന്നിവയുമുണ്ട്. ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ കാഴ്ച്ച മെച്ചപ്പെടുത്താൻ പദ്ധതിയിലൂടെ കഴിഞ്ഞു. കണ്ണടയുടെ പവർ കുറയ്ക്കാനും കഴിഞ്ഞു. രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയും ഇരിങ്ങാലക്കുട ഗവ. ആയുർവേദ ആശുപത്രിയും കേന്ദ്രീകരിച്ചാണ് പദ്ധതി.
കണ്ടെത്തൽ ഇവ
കുട്ടികളിൽ വിഷമദൃഷ്ടിയും കാഴ്ച വൈകല്യവും ഏറുന്നു
മുതിർന്നവരിൽ പ്രമേഹബാധയെ തുടർന്നുള്ള അന്ധത കൂടുതൽ
കുട്ടികളുടെ വൈകല്യത്തിന് പിന്നിൽ
മൊബൈൽ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും അമിത ഉപയോഗം
ആധുനിക ഭക്ഷണരീതി
ദൃഷ്ടി:
ഈ വർഷം അനുവദിച്ചത് 10 ലക്ഷം.
തുടങ്ങിയത് 4 സ്‌കൂളുകളിൽ
കഴിഞ്ഞ വർഷം നടത്തിയത് 26 സ്‌കൂളുകളിൽ
കാഴ്ച പരിശോധിച്ചത് 25,000 കുട്ടികളിൽ
കണ്ണട ഒഴിവാക്കിയത് 200 പേരിൽ
ആദ്യം തൃശൂരിൽ
പ്രമേഹജന്യ നേത്രരോഗം, ഗ്ലോക്കോമ എന്നിവ തുടക്കത്തിൽ കണ്ടെത്തി അന്ധത വരാതെ തടയുന്ന പ്രിസം പദ്ധതി, നാഷണൽ ആയുഷ് മിഷനുമായി സഹകരിച്ചാണ് തൃശൂരിൽ നടപ്പാക്കിയത്. പ്രമേഹം മൂർച്ഛിച്ചവരിൽ കണ്ണിൽ രക്തക്കുഴൽ പൊട്ടി റെറ്റിന ഇളകി അന്ധത ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. അലോപ്പതിയിൽ ലേസർ ചികിത്സയും ഇൻജക്‌ഷൻ, ഓപറേഷൻ എന്നീ ചികിത്സയുണ്ടെങ്കിലും കാഴ്ച്ച പൂർണ്ണമായും കിട്ടാൻ സാദ്ധ്യത കുറവാണ്. ആയുർവേദ ചികിത്സയിലൂടെ ചെലവ് കുറഞ്ഞ രീതിയിൽ കാഴ്ച്ച നിലനിറുത്താം.
പ്രിസം
10 പഞ്ചായത്ത്, 4 മുനിസിപ്പാലിറ്റി
കോർപറേഷനിലെ വാർഡുകൾ
പരിശോധന 40 ന് മുകളിൽ പ്രായമുള്ള 5,000 രോഗികളിൽ
ചികിത്സയിൽ ഉളളത് 200 പേർ
''ചികിത്സയ്‌ക്കൊപ്പം കണ്ണുകൾക്ക് പ്രത്യേക വ്യായാമവും ഭക്ഷണക്രമീകരണവും ഉണ്ട്. നേത്രചികിത്സയ്ക്കായി തുടങ്ങിയ രണ്ട് പദ്ധതികൾക്കും പിന്തുണ ഏറുകയാണ്. .''
-ഡോ. പി.കെ. നേത്രദാസ്, സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, തൃശൂർ രാമവർമ ജില്ലാ ആയുർവേദ ആശുപത്രി.
..................................................................................
''അന്താരാഷ്ട്ര കാഴ്ചദിനമായ 10 മുതൽ രണ്ടാഴ്ചക്കാലം മെഡിക്കൽക്യാമ്പുകളും ബോധവത്കരണ പരിപാടികളും നടത്തി നേത്രസംരക്ഷണ പക്ഷാചരണം നടത്തും.
-ഡോ.എസ്. ഷിബു, ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ.