കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിൽ നിർണായക നീക്കം. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണത്തിൽ ജോളിയെ ഒന്നാം പ്രതിയാക്കി താമരശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇപ്പോൾ കസ്റ്റഡിയിലുള്ള മാത്യുവാണ് രണ്ടാം പ്രതി. സിലിയെ കൊന്നത് ഗുളികയിൽ വിഷം പുരട്ടിയാണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
2016 ജനുവരി 11നാണ് സിലി മരിക്കുന്നത്. ആ ദിവസം ജോളിക്കൊപ്പം ഒരു ബന്ധുവിന്റെ വിവാഹത്തിന് പോയിരുന്നു. തിരികെ താമരശ്ശേരിയിൽ എത്തിയപ്പോൾ ഭർത്താവ് ഷാജുവും അവിടെത്തി. തുടർന്ന് മൂന്ന് പേരും കൂടി ദന്ത ഡോക്ടറെ കാണിക്കാൻ പോയി. സിലിയുടെ സഹോദരും ഇവരെ കാണാൻ അവിടെ എത്തിയിരുന്നു. ഷാജു ഡോക്ടറെ കാണാൻ അകത്ത് കയറിയപ്പോൾ സിലി ജോളിയുടെ മടിയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. വായിൽ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തൊട്ടടുത്ത വർഷമാണ് ഷാജു ജോളിയെ വിവാഹം കഴിച്ചത്. ഇത് സംശയങ്ങൾക്കും എതിർപ്പിനും കാരണമാക്കിയിരുന്നു.
അതേസമയം, താമരശേരി മജിസ്ട്രേട്ട് കോടതി ആറു ദിവസത്തെ കസ്റ്റഡിയിൽ വിട്ട ജോളിയേയും മറ്റ് പ്രതികളെയും തെളിവെടുപ്പിന് കൊണ്ടുപോയി. ജോളിയെ ആദ്യം പൊന്നാമറ്റം വീട്ടിലേക്കാണ് കൊണ്ടുപോകുക. കൊലയ്ക്ക് ഉപയോഗിച്ച സയനൈഡിന്റെ ബാക്കിഭാഗം കണ്ടെത്തുകയെന്നതാണ് പ്രധാനമായും അന്വേഷണ സംഘം ലക്ഷ്യമിടുന്നത്.