കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിൽ തന്റെ ഭർത്താവിനെ കുടുക്കിയതാണെന്ന് കേസിൽ അറസ്റ്റിലായ സ്വർണപണിക്കാരൻ പ്രജുകുമാറിന്റെ ഭാര്യ ശരണ്യ. ജോളിയുമായി ഭർത്താവിന് സൗഹൃദമില്ലെന്നും, നിരപരാധിത്വം തെളിയിച്ച് അദ്ദേഹം തിരിച്ച് വരുമെന്നും വിശ്വസിക്കുന്നുവെന്നും ശരണ്യ പറഞ്ഞു.ജോലിയുടെ ഭാഗമായിട്ട് മാത്യുവിനെ കഴിഞ്ഞ 25 വർഷമായി പരിചയമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
'സയനൈഡ് ഇല്ലാതെ ഞങ്ങൾക്ക് ജോലി ചെയ്യാൻ പറ്റില്ല.സയനൈഡ് എന്റെ ഭർത്താവ് ദുരുപയോഗം ചെയ്യില്ലെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. സത്യം പുറത്ത് വരണം.കേസന്വേഷിക്കുന്ന ഉദ്യാഗസ്ഥരിൽ വിശ്വസിക്കുന്നു, അവർക്കൊപ്പം നിലകൊള്ളും'- ശരണ്യ പറഞ്ഞു.
നേരത്തെ അന്വേഷണസംഘം ചോദ്യം ചെയ്തപ്പോൾ മാത്യുവിനെ പരിചയമില്ലെന്നായിരുന്നു പ്രജുകുമാർ പറഞ്ഞത്. എന്നാൽ, അറസ്റ്റിലാകുന്നതിന് തലേദിവസവും പ്രജുകുമാറും മാത്യുവും ദീർഘനേരം ഫോണിൽ സംസാരിച്ചിരുന്നു എന്നതിന്റെ തെളിവ് അടക്കം പൊലീസിന് ലഭിച്ചിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡ് കേസിലെ പ്രതിയും ജുവലറി ജീവനക്കാരനുമായ മാത്യുവിന് നൽകിയത് പ്രജുകുമാറാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതോടെ, പെരുച്ചായിയെ കൊല്ലാൻ വേണ്ടിയെന്ന് പറഞ്ഞാണ് മാത്യു തന്റെ കൈയിൽ നിന്ന് സയനൈഡ് വാങ്ങിയതന്നായി പ്രജുകുമാറിന്റെ പക്ഷം.
അതേസമയം, താമരശേരി മജിസ്ട്രേട്ട് കോടതി ആറു ദിവസത്തെ കസ്റ്റഡിയിൽ വിട്ട ജോളിയേയും മറ്റ് പ്രതികളെയും തെളിവെടുപ്പിനായി പൊന്നാമറ്റം വീട്ടിലേക്ക് കൊണ്ടുവന്നു. കൊലയ്ക്ക് ഉപയോഗിച്ച സയനൈഡിൻറെ ബാക്കി ഭാഗം കണ്ടെത്തുകയെന്നതാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. വീടിന് മുന്നിൽ വൻ ജനക്കൂട്ടമാണ് ഉള്ളത്.