abubakkar-

മുപ്പത് വർഷക്കാലം പ്രവാസിയായി മണലാരണ്യത്തിന്റെ ചൂടേറ്റു വാങ്ങുമ്പോഴും നാട്ടിലെ കുടുംബവും അവരുടെ സംരക്ഷണവുമായിരുന്നു അബൂബക്കറിന്റെ മനസിൽ. എന്നാൽ നീണ്ട പ്രവാസജീവിതം നയിച്ച് വിശ്രമജീവിതത്തിനായി തിരികെ നാട്ടിൽ എത്തിയപ്പോൾ 70 വയസുകാരനായ അബുബക്കറിനെ കാത്തിരുന്നത് ഏകാന്ത ജീവിതമാണ്. ജീവന്റെ ജീവനായി കരുതിപോന്ന മക്കൾക്ക് തന്റെ സ്വത്തുക്കളിൽ മാത്രമായിരുന്നു സ്‌നേഹമെന്ന് മനസിലാക്കാൻ ഇദ്ദേഹം വളരെ വൈകിപ്പോയിരുന്നു. എന്നിട്ടും ആരോടും ഒരു പരിഭവവുമില്ലാതെ പൊളിഞ്ഞു വീഴാറായ വീട്ടിൽ ഒറ്റയ്ക്ക് ജീവിതം തള്ളിനീക്കുകയാണ് ഈ വൃദ്ധൻ.

abubakkar-

ജനമൈത്രി ബീറ്റ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് വീടുകൾ സന്ദർശിക്കുന്നതിനിടെയാണ് ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ അബൂബക്കറിന്റെ വീട്ടിലെത്തിയതോടെയാണ് ഈ സംഭവം പുറംലോകമറിയുന്നത്. എപ്പോൾ വേണമെങ്കിലും പൊളിഞ്ഞുവീഴാവുന്ന ഓട് പാകിയ വീടിനുള്ളിൽ നിരാശനായി കിടക്കുന്ന അബുബക്കർ എന്ന മനുഷ്യനെ കണ്ടപ്പോൾ പോലീസ് ദ്യോഗസ്ഥർ അദ്ദേഹത്തോടൊപ്പം സമയം ചിലവഴിച്ച് കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. വിദേശത്തു ജോലി ചെയ്ത സമ്പാദ്യങ്ങൾ എല്ലാം നൽകിയിട്ടും അവശേഷിക്കുന്നതു കൂടി നൽകിയാൽ മാത്രമേ മക്കളും ഭാര്യയും നോക്കുകയുള്ളു എന്നാണ് അബൂബക്കർ പറയുന്നത്. ഈ കദന കഥ കേട്ട ശേഷം അബൂബക്കറിനെ സംരക്ഷിക്കുവാൻ പൊലീസ് തീരുമാനിച്ചു. ചാലിശ്ശേരി എസ് ഐ അനിൽമാത്യൂവിന്റെ നേത്യത്വത്തിൽ ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ, രതീഷ് എന്നിവർ സാമുഹ്യപ്രവർത്തകരോടൊപ്പം എത്തി അദ്ദേഹത്തിന്റെ വീടും പരിസരവും വ്യത്തിയാക്കി കൊടുക്കുകയും ചെയ്തു. കൃത്യമായി ഭക്ഷണവും,വസ്ത്രവും എത്തിച്ചുകൊടുക്കുന്നതിന്നുള്ള സൗകര്യങ്ങൾ ചാലിശ്ശേരി പൊലീസ് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ ഈ വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്.