തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലൊന്നായ വട്ടിയൂർക്കാവിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണവുമായി കെ.മുരളീധരൻ എം.പി രംഗത്ത്. സി.പി.എമ്മിന് അഖിലേന്ത്യാ തലത്തിൽ കോൺഗ്രസിനോട് ആഭിമുഖ്യമുണ്ടെങ്കിലും പിണറായി വിജയന് അങ്ങനെയല്ലെന്നും, ഒരിക്കൽ കൂടി മുഖ്യമന്ത്രിയാകുക എന്ന ലക്ഷ്യമാണ് പിണറായിക്കെന്നും മുരളി ആരോപിച്ചു. സീനിയറായ കുമ്മനം രാജശേഖരനേക്കാൾ എന്ത് യോഗ്യതയാണ് നിലവിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ എസ്.സുരേഷിനുള്ളതെന്നും മുരളിധരൻ ചോദിച്ചു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
'ബി.ജെ.പിയിലെ ചില ഉത്തരവാദിത്തപ്പെട്ട നേതാക്കളിൽ നിന്ന് ഞങ്ങൾക്ക് കിട്ടിയ വിവരമാണ്. സാധാരണഗതിയിൽ ബി.ജെ.പിയ്‌ക്ക് കേരളത്തിൽ വിജയസാധ്യതയുള്ള മണ്ഡലങ്ങൾ മഞ്ചേശ്വരവും വട്ടിയൂർക്കാവുമാണ്. നേമത്തിന് പുറമെ. അവരുടെ ഏറ്റവും സീനിയേഴ്‌സ് മത്സരിച്ചുകൊണ്ടിരുന്ന നിയോജക മണ്ഡലവുമാണ്. 2011ൽ വി.വി.രാജേഷിനെ നിറുത്തി, പക്ഷേ അന്ന് ബി.ജെ.പിയ‌്ക്ക് അത്ര വോട്ടില്ല. 13000 വോട്ടേ കിട്ടിയുള്ളൂ. പിന്നീട് 2014ൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ രണ്ടായിരത്തിലധികം വോട്ടിന്റെ ലീഡ് ബി.ജെ.പിക്കുണ്ടായപ്പോൾ ഇത് വിജയിക്കാൻ കഴിയുമെന്ന പ്രതീക്ഷ അവർക്കുണ്ടായി. മാത്രമല്ല ലോക്കൽ ബോഡി ഇലക്ഷനിൽ ഒമ്പതോളം കൗൺസിലർമാർ ബി.ജെ.പിക്കുണ്ടായി. തോറ്റിടത്തു തന്നെ നേരിയ മാർജിനിലായിരുന്നു. പലയിടത്തും രണ്ടാമതുമെത്തി. അതുകൊണ്ട് ഒരു സീനിയർമോസ്‌റ്റ് ആളെ നിറുത്തിയാൽ ജയിക്കാം എന്ന പ്രതീക്ഷയിലാണ് കുമ്മനത്തെ നിറുത്തുന്നത്.
അവരു നോക്കിയപ്പോൾ പതിമൂവായിരം വോട്ട് ആ ഇലക്ഷനിൽ നാൽപ്പത്തിമൂവായിരമായി. രണ്ടാം സ്ഥാനത്തു വന്നു. മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലായി. വീണ്ടും ലോക്‌സഭ തിരഞ്ഞെടുപ്പ് വന്നപ്പോൾ നാൽപ്പത്തിമൂവായിരം അൻപതിനായിരമായി ബി.ജെ.പിയുടെ വോട്ട്. വോട്ട് കൂടുകയും കുറയുകയുമാണ് കോൺഗ്രസിന് ചെയ്‌തതെങ്കിൽ ബി.ജെ.പി സ്‌റ്റെപ്പ് ബൈ സ്‌റ്റെപ്പായി മുകളിലേക്ക് പോയി. അങ്ങനെയൊരു നിയോജക മണ്ഡലത്തിൽ കുമ്മനം മത്സരിക്കാമെന്ന് സമ്മതിച്ച ശേഷം സുരേഷിനെ സ്ഥാനാർത്ഥിയാക്കുവാണ്. സുരേഷ് ജില്ലാ പ്രസിഡന്റൊക്കെയാണെങ്കിലും, കുമ്മനത്തിനില്ലാത്ത ഒരു കഴിവും സുരേഷിനില്ല. അപ്പോ പെട്ടൊന്നൊരു ദിവസം സ്ഥാനാർത്ഥിയെ മാറ്റുന്നു. ഇപ്പോ നിങ്ങൾ നോക്കിയാലും വട്ടിയൂർക്കാവിൽ ചുമരെഴുത്തിൽ ബി.ജെ.പി പിക്‌ചറിലില്ല.
ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ ഒരു ധാരണയുണ്ടെന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരം. നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം മാർക്‌സിസ്റ്റ് പാർട്ടി അദ്ദേഹത്തിന് ഒരു വെല്ലുവിളിയല്ല. ഇപ്പോ കോൺഗ്രസിന് നാല് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരുണ്ട്. ഒരു കേന്ദ്രഭരണ പ്രദേശത്തുമുണ്ട്. ഈ ബൈ ഇലക്ഷൻ പൂർണമായിട്ടും യു.ഡി.എഫ് ജയിച്ചു കഴിഞ്ഞാൽ, പിന്നെ യു.ഡി.എഫ് തിരിച്ചു വരുമെന്ന കാര്യമുറപ്പായി. കോൺഗ്രസിനാണല്ലോ സ്വാഭാവികമായിട്ടും ഘടകകക്ഷികൾ മുഖ്യമന്ത്രി സ്ഥാനം നൽകുക. അപ്പോൾ അഞ്ച് എന്ന സംഖ്യ ആറാകും. അതു മോദിക്ക് സഹിക്കാൻ കഴിയുന്നതല്ല.
സി.പി.എമ്മിന് അഖിലേന്ത്യാ തലത്തിൽ കോൺഗ്രസിനോട് ആഭിമുഖ്യമുണ്ട്. പക്ഷേ പിണറായിക്ക് അങ്ങനെയല്ല. ഇവിടെ ഒരുതവണ കൂടി മുഖ്യമന്ത്രിയാകുക എന്നതാണ് പിണറായിയുടെ ലക്ഷ്യം'.
അഭിമുഖത്തിന്റെ പൂർണരൂപം-