കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ പ്രതികളെ പൊന്നാമറ്റത്തെ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുവന്നു. കൊലയ്ക്ക് ഉപയോഗിച്ച സയനൈഡിന്റെ ബാക്കിഭാഗം കണ്ടെത്തുകയെന്നതാണ് അന്വേഷണ സംഘത്തിന്റെ മുഖ്യ ലക്ഷ്യം. ഫോറൻസിക് വിദഗ്ധരും ഇവിടെ എത്തിയിട്ടുണ്ട്.
പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതിന്റെ ഭാഗമായി പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയത്. എന്നാൽ ജോളിയെ എത്തിച്ചപ്പോൾ സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ കൂകി വിളിച്ചു. ഗൃഹനാഥനായ ടോം ജോസ്, ഭാര്യ അന്നാമ്മ, ഇവരുടെ മകനും ജോളിയുടെ ആദ്യ ഭർത്താവുമായ റോയി എന്നിവരാണ് ഈ വീട്ടിൽ കൊല്ലപ്പെട്ടത്. റോയിയെ കൊലപ്പെടുത്താൻ നാലു കാരണങ്ങളാണ് ജോളി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് നൽകിയ കസ്റ്റഡി അപേക്ഷയിൽ പരാമർശിക്കുന്നുണ്ട്. പരപുരുഷബന്ധം ആരോപിച്ച് റോയി നിരന്തരം ചോദ്യംചെയ്തു, റോയിയുടെ അമിതമദ്യപാനം, അന്ധവിശ്വാസം, റോയിക്ക് സ്ഥിരവരുമാനം ഇല്ലാത്തതിനാൽ തനിക്കുണ്ടായ കടുത്ത നിരാശ എന്നിവ കൊലയ്ക്കു പ്രേരണയായെന്ന് ജോളി വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്.
പൊന്നാമറ്റത്തെ ഈ വീട്ടിൽ തന്നെ ബാക്കിയുള്ള സയനൈഡ് സൂക്ഷിച്ചിരിക്കാമെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. അതിനാൽത്തന്നെ വീടിന്റെ ചുറ്റുപാടും വിശദമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്. കൊല്ലപ്പെട്ട അന്നാമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയലിന്റെയും, ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജുവിന്റെ വീട്ടിലും പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോകും.