koodathyi

കോഴിക്കോട്: കൂട്ടക്കൊലപാതക കേസിൽ അറസ്റ്റിലാകുംമുമ്പ് കൂടത്തായി അങ്ങാടിയിലൂടെ ജോളി കാറുമായി പോകാത്ത ദിവസങ്ങളില്ലായിരുന്നു എന്ന് നാട്ടുകാർ ഓർത്തെടുക്കുന്നു. കുറേ വർഷങ്ങളായി അവരുടെ ജീവിതം അങ്ങനെയൊക്കെയായിരുന്നു. എൻ.ഐ.ടി അദ്ധ്യാപികയാണെന്ന് പറഞ്ഞിരുന്നതിനാൽ സമൂഹത്തിൽ വലിയ പരിഗണനതന്നെ ലഭിച്ചിരുന്നു. അതിനൊത്ത ബഹുമാനവും അന്ന് അവർക്ക് പലരും നൽകിയിരുന്നു. എന്നാൽ, സാധാരണക്കാരുമായി വലിയ ഇടപെടലൊന്നുമില്ല. വല്ലപ്പോഴും അങ്ങാടിയിൽ കാർ നിറുത്തി സാധനങ്ങളെന്തെങ്കിലും വാങ്ങുന്നത് കാണാം. എന്നാൽ, എപ്പോഴും വിലപ്പെട്ട വസ്ത്രങ്ങളും മേക്കപ്പുമൊക്കെയുള്ളത് കൊണ്ട് ആരും ഒന്നു ശ്രദ്ധിക്കും.

അടുത്ത ചില വീടുകളിൽ ജോളി വല്ലപ്പോഴുമൊക്കെ സന്ദർശിക്കാറുണ്ട്. റോയിയുടെ മരണത്തിനുശേഷം നാട്ടുകാരുമായി വീണ്ടും അകന്നുവെന്നും നാട്ടുകാരിൽ ചിലർ പറയുന്നു. എന്നാൽ, രണ്ടാം വിവാഹത്തിന് ശേഷം ഭർത്താവിനെ പരിചയപ്പെടുത്താനുംമറ്റും പൊന്നാമറ്റം വീടിന്റെ അടുത്ത വീടുകളിൽ ജോളി എത്തിയിരുന്നു.

പൊന്നാമറ്റം വീട്ടിൽ റോയിയുടെ വിവാഹക്കാലത്ത് തന്നെ വാഹനമുണ്ടായിരുന്നു. ആദ്യം ഒരു അംബാസിഡർ കാറാണ് റോയിയുടെ പിതാവ് ടോം തോമസ് വാങ്ങിയത്. ടോം തോമസിന് പുറമെ റോയിയും ഇതോടിക്കുമായിരുന്നു. പിന്നീട് ടോം തോമസ് മാരുതി എസ്റ്റീം കാറിലേക്ക് മാറിയപ്പോൾ റോയിയും ഭാര്യയായ ജോളിയും ഇതുപയോഗിച്ചിരുന്നു. വീട്ടിലെ നല്ല മരുമകളെന്ന് തോന്നിപ്പിച്ചിരുന്ന ജോളിയുമായി ടോം തോമസ് കാറിൽ പള്ളിയിലൊക്കെ പോകുന്നതും ഇന്നാട്ടുകാർ കണ്ടിട്ടുണ്ട്. നാട്ടുകാർ അന്നൊക്കെ ഇങ്ങനെയും ഒരു മരുമകളുണ്ടോയെന്ന് അതിശയപ്പെട്ടിട്ടുമുണ്ട്. ടോം തോമസിന്റെ മരണത്തിന് ശേഷം പൊന്നാമറ്റത്തിന്റെ മുറ്റത്ത് ഒരു ചുവന്ന ആൾട്ടോ കാറായി. ഇതാണ് റോയി പിന്നീട് എപ്പോഴും ഉപയോഗിച്ചിരുന്നത്.

അക്കാലത്തൊക്കെ ജോളി എൻ.ഐ.ടിയിൽ അദ്ധ്യാപികയെന്ന് പറഞ്ഞ് ദിവസവും വീട്ടിൽ നിന്ന് പോയിരുന്നത് വെളുത്ത സ്കൂട്ടറിലായിരുന്നുവെന്നും നാട്ടുകാർ ഓർത്തെടുക്കുന്നു. കുളിമുറിയിൽ വിഷം അകത്തുചെന്ന് കുഴഞ്ഞുവീണപ്പോൾ റോയിയെ ആശുപത്രിയിൽ കൊണ്ടുപോയത് ചുവന്ന ആൾട്ടോ കാറിലായിരുന്നു. അയൽവാസിയായ ബാവയാണ് നിലവിളികേട്ട് അന്ന് ആദ്യം ഓടിയെത്തിയത്. കുളിമുറി അകത്തുനിന്ന് കുറ്റിയിട്ടതിനാൽ അടുത്തുള്ള മരപ്പണിക്കാരനെ കൊണ്ടുവന്ന് വാതിൽ പൊളിച്ചതും ഇദ്ദേഹമാണ്. വിഷം ഉള്ളിൽചെന്ന റോയി കുളിമുറി അകത്തുനിന്ന് എങ്ങനെ കുറ്റിയിട്ടുവെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

റോയിയുടെ മരണശേഷം ചുവന്ന ആൾട്ടോ കാർ ഉപയോഗിച്ചത് ജോളിയാണ്. ആ കാറിൽ കോളേജിലേക്കെന്ന് പറഞ്ഞ് ജോളി പോവുക പതിവായിരുന്നു. പിന്നീട് ജോളി കെ.എൽ 10 എ.എസ് 1305 ഹുണ്ടായ് കാറിലേക്ക് യാത്ര മാറ്റി. കൂടാതെ സ്കൂട്ടറും പുതുതായി ഇവർ സ്വന്തമാക്കി. ബന്ധുവീടുകളിലേക്കൊക്കെ വാഹനവുമായി ഇവർ പോകാറുണ്ട്.

രണ്ടാം വിവാഹക്കാലത്തും ജോളിയുടെ പുറത്തേക്കുള്ള പോക്ക് മിക്കവാറും കാറിലായിരുന്നു. രാവിലെ ജോലിക്കെന്ന് പറഞ്ഞിറങ്ങുമ്പോൾ ജോളിയുടെ യാത്ര എപ്പോഴും ഒറ്റയ്ക്കായിരിക്കുമെന്നും നാട്ടുകാർ ഓർത്തുപറയുന്നു. ഷാജു കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിൽ താമസമാക്കിയതിന് ശേഷവും ഇവർ ഒറ്റയ്ക്ക് പോകുന്നതായാണ് കാണാറ്. കൂടത്തായിയിലെ വീട്ടിൽ നിന്ന് ഷാജുവും ജോലിക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹം ചുവന്ന സ്കൂട്ടറാണ് ഇതിനായി ഉപയോഗിക്കാറത്രെ. ആനയാംകുന്ന് സ്കൂളിലെ അദ്ധ്യാപകനാണ് ടോം തോമസിന്റെ സഹോദരൻ സക്കറിയയുടെ മകൻ ഷാജു സക്കറിയ.