tanker-attack-

ജിദ്ദ : ചെങ്കടലിലൂടെ എണ്ണയുമായി പോയ ഇറാന്റെ കപ്പലിൽ ഉഗ്ര സ്ഥോടനം. സൗദിയിലെ ജിദ്ദ തുറമുഖത്ത് നിന്നും അറുപത് മൈലുകൾക്ക് (97 കിലോമീറ്റർ) അകലെ കൂടി യാത്ര ചെയ്ത എണ്ണടാങ്കറാണ് സ്‌ഫോടനത്തിൽ തകർന്നത്. തീവ്രവാദികളുടെ ആക്രമത്തിലാണ് ടാങ്കറിൽ സ്‌ഫോടനമുണ്ടായതെന്ന് ഇറാൻ പ്രതികരിച്ചു. മിസൈലേറ്റാണ് ടാങ്കർ തകർന്നതെന്നാണ് ഇറാൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതിനുള്ള തെളിവുകൾ പുറത്ത് വിട്ടിട്ടില്ല.

ഇറാൻ നാഷണൽ ഓയിൽ കമ്പനിയുടെ ടാങ്കറാണ് തകർന്നത്. ഇതിൽ എണ്ണ സൂക്ഷിച്ചിരുന്ന രണ്ട് ടാങ്കുകളും തകർന്നിട്ടുണ്ട്. അന്താരാഷ്ട്ര ഉപരോധങ്ങളെ മറികടന്ന് സിറിയയ്ക്കായി എണ്ണ എത്തിക്കുവാൻ ഇറാൻ സ്ഥിരമായി ഉപയോഗിക്കുന്ന ടാങ്കറാണ് ആക്രമണത്തിന് ഇരയായതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്‌ഫോടനത്തെ തുടർന്ന് ടാങ്കറിൽ നിന്നും ചോർന്ന എണ്ണ കടലിൽ ഒഴുകി പരന്നു. അതേ സമയം കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം സൗദി പൊതുമേഖല എണ്ണ കമ്പനിയായ ആരാംകോയുടെ ശുദ്ധീകരണ ശാലയിൽ ഡ്രോണുകളും മിസൈലുമുപയോഗിച്ച് ഹൂതി വിമതർ വിനാശം വിതച്ചിരുന്നു. സൗദിയുടെ എണ്ണക്കയറ്റുമതിയുടെ പകുതി ഹൂതികളുടെ ആക്രമണത്തെ തുടർന്ന് താത്കാലികമായി നിലച്ചിരുന്നു. ആക്രമണത്തിന് ഉപയോഗിക്കുന്നതിനായി ഹൂതികൾക്ക് ആയുധങ്ങൾ നൽകിയത് ഇറാനാണെന്ന് അമേരിക്ക ആരോപിക്കുകയും ചെയ്തിരുന്നു. ഇറാനും സൗദി സഖ്യകക്ഷികളും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കവേയാണ് പുതിയ സംഭവമുണ്ടായിട്ടുള്ളത്.