ഭാരതീയ സംഗീതത്തിനു വേണ്ടി വിദേശിയായ ഒരു സംഗീതോപകരണത്തെ പരിഷ്കരിച്ചെടുത്ത മഹാപ്രതിഭയാണ് കദ്രി ഗോപാൽനാഥ്. കർണാടക സംഗീതത്തിന്റെ സാദ്ധ്യതകൾ ഉപയോഗിക്കാനായി അദ്ദേഹം സാക്സഫോണിന്റെ രൂപകൽപ്പന പോലും പരിഷ്കരിച്ചു. ഇങ്ങനെ നമ്മുടെ സംഗീതത്തിന് വേണ്ടി ഒരു പാശ്ചാത്യ ഉപകരണത്തെ മാറ്റിയെടുക്കാൻ ശ്രമിച്ചവർ ചുരുക്കമാണ്.
കദ്രി ഗോപാൽനാഥ് ആദ്യം പരിശീലിച്ച സംഗീതോപകരണം നാഗസ്വരം ആയിരുന്നു. നാഗസ്വരത്തിൽ തനിക്കുള്ള വഴക്കം സാക്സഫോണിലും പ്രയോജനപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു.
സാക്സഫോണിന്റെ പ്രത്യേകതകളെ കർണാടക സംഗീതത്തിലേക്കും പറിച്ചുനട്ടു. അങ്ങനെ മുൻപില്ലാതിരുന്ന സ്വരമാധുരിയോടെ സാക്സഫോൺ അദ്ദേഹത്തിന്റെ കൈകളിൽ തിളങ്ങി. ആ മാധുരി തന്റെ ശിഷ്യരിലൂടെയും അദ്ദേഹം ലോകം മുഴുവൻ പ്രചരിപ്പിച്ചു. സംഗീതം ആസ്വാദകർക്ക് വേണ്ടി മാത്രമുള്ളതാണെന്നും അവരെ സന്തോഷിപ്പിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ കച്ചേരികളിൽ വയലിൻ വായിച്ചിരുന്നത് കന്യാകുമാരി ആയിരുന്നു. ആ കൂട്ടുകെട്ട് ആസ്വാദകർക്ക് സമൃദ്ധമായ സംഗീത സദ്യയൊരുക്കി.
കദ്രി ഗോപാൽനാഥിന്റെ കച്ചേരികളിൽ ഉയർന്ന ആസ്വാദക ആരവങ്ങൾ ഒരു കലാകാരന് ലഭിക്കാവുന്ന തിളക്കമാർന്ന ആദരവാണ്.
ഗമകപ്രധാനമായ രാഗങ്ങളും അദ്ദേഹം സാക്സഫോണിൽ വായിച്ചു. പാശ്ചാത്യ സംഗീതജ്ഞരുമായുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ട് ആസ്വാദ്യകരമായിരുന്നു. മനോഹരങ്ങളായ അനവധി ജുഗൽ ബന്ദികൾ ഇങ്ങനെ ജന്മം കൊണ്ടിട്ടുണ്ട്. എ.ആർ റഹ്മാന്റെ ചിത്രങ്ങളിലുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തം സിനിമാ ആസ്വാദകരിലേക്കും അദ്ദേഹത്തിന്റെ ലോകം വിപുലമാക്കി.
അദ്ദേഹത്തിന്റെ കച്ചേരിയിൽ പങ്കെടുക്കുമ്പോൾ ഒരു നിമിഷം പോലും ആ സംഗീതത്തിൽ നിന്ന് നമുക്ക് വേർപെട്ട് നിൽക്കാനാകുമായിരുന്നില്ല. വളരെയധികം ഊർജം നിറയുന്ന കച്ചേരികൾ അതേ ഊർജം നിമിഷങ്ങൾക്കുള്ളിൽ ആസ്വാദകരിലേക്കും പടർത്തി .
കച്ചേരികളിൽ മൃദംഗത്തിന്റെ ചൊൽക്കെട്ടുകളും കോരുവകളും അദ്ദേഹം വളരെ കൃത്യതയോടെ സ്വാംശീകരിച്ചിരുന്നു. മൃദംഗ വാദകനും അദ്ദേഹവുമായുള്ള രസതന്ത്രം വേറിട്ട അനുഭവമായിരുന്നു.
സംഗീതലോകത്ത് സ്വന്തം കൈയൊപ്പ് എന്നത് ഓരോ സംഗീതജ്ഞന്റെയും ജന്മസാഫല്യമാണ്. സംഗീത ലോകത്തിന് സമ്പന്നമായ സംഭാവനകൾ നൽകിയാണ് കദ്രി ഗോപാൽനാഥ് മടങ്ങുന്നത്. അദ്ദേഹത്തിന്റെ ദീപ്ത സ്മരണകൾക്ക് മുന്നിൽ ശിരസ് നമിക്കുന്നു. അന്ത്യാഞ്ജലി അർപ്പിക്കുന്നു.
(പ്രമുഖ കർണാടക സംഗീതജ്ഞനാണ് ലേഖകൻ)