jolly-thomas

തുഷാരഗിരിയെന്ന ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോകുന്ന വഴിയിൽ പുലിക്കയത്ത് ചാലിപ്പുഴയ്ക്ക് കുറുകെയുള്ള പുതിയപാലത്തിന് സമീപമാണ് ഷാജു സക്കറിയയുടെ വീട്. തെളിനീരൊഴുകുന്ന പുഴയോരത്ത് പ്രകൃതിസൗന്ദര്യം ആരെയും ആകർഷിക്കും. പക്ഷേ, ഇന്ന് ഈ വീട്ടിൽ ഇരുൾമൂടിയിരിക്കുകയാണ്. ഇന്നലെ രാവിലെ സക്കറിയയും മകൻ ഷാജുവും വീടിന്റെ ഇറയത്ത് ഇരുന്നെങ്കിലും അവിടെ വരുന്നവരോട് സംസാരിക്കാൻ തയാറായില്ല. മാദ്ധ്യമങ്ങളോട് സംസാരിക്കാൻ പൊലീസ് വിലക്കിയിട്ടുണ്ടെന്നായിരുന്നു പ്രതികരണം. താൻ പൊലീസ് കസ്റ്റഡിയിൽ ഉള്ളത് പോലെ തന്നെയാണെന്ന് ഷാജു പറഞ്ഞു. കഴിഞ്ഞദിവസംവരെ മാദ്ധ്യമങ്ങളോട് സംസാരിച്ചിരുന്നെങ്കിലും ഇന്നലെ മുതൽ അതിന് തയാറാകുന്നില്ല. പിതാവ് സക്കറിയയാവട്ടെ കൂടുതൽ ക്ഷുഭിതനാണ്. ഒന്നും പറയാനില്ലെന്ന് പറഞ്ഞ് അദ്ദേഹം കുളിക്കാനായി ചാലിപ്പുഴയിലേക്ക് നീങ്ങി.

സക്കറിയയും മകൻ ഷാജുവും നാട്ടിൽ ഒറ്റപ്പെട്ട് ജീവിക്കുന്നവരാണെന്നായിരുന്നു റോഡരികിൽ കണ്ടവരുടെ പ്രതികരണം. ഷാജുവിന് ഈ ഭാഗത്ത് കൂട്ടൊന്നുമില്ല. പുഴയ്ക്ക് അക്കരെ ബിജുവെന്ന സുഹൃത്ത് മാത്രമാണുള്ളത്. പുലിക്കയത്ത് കൂടുതൽ സ്ഥലം നേരത്തെ ടോം തോമസിന്റെ പൊന്നാമറ്റം കുടുംബക്കാരുടേതായിരുന്നു. പൊന്നാമറ്റം തറവാടും ഇവിടെയായിരുന്നു. ഇവരുടെ കൈയിൽ നിന്നാണ് പലരും ഇവിടെ ഭൂമിവാങ്ങി വീടുവച്ചിട്ടുള്ളത്.

ടോം തോമസിന്റെ മറ്റൊരു സഹോദരൻ ഡൊമിനിക് പുലിക്കയത്ത് മറ്റൊരു ഭാഗത്ത് താമസിക്കുന്നുണ്ട്. ഇദ്ദേഹവും ഭാര്യ എൽസമ്മയും മാത്രമാണ് വീട്ടിലുള്ളത്. തങ്ങളുടെ മകൻ സുനീഷ് വാഹനാപകടത്തിൽ മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് എൽസമ്മ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. എന്നാൽ, ഈ വീട്ടിലൊക്കെ ജോളി നേരത്തെ വന്നുപോകാറുണ്ടായിരുന്നു. ഇവർക്ക് അക്കാലത്തൊക്കെ നല്ലത് മാത്രമേ ജോളിയെ കുറിച്ച് പറയാനുണ്ടായിരുന്നുള്ളൂ. ഷാജുവുമായുള്ള വിവാഹത്തിന് ശേഷവും ഈ വീട്ടിൽ ജോളി എത്തിയിരുന്നതായി എൽസമ്മ പറഞ്ഞു.