scania

തിരുവനന്തപുരം: കഴി‌ഞ്ഞ ദിവസം തമ്പാനാർ ബസ് സ്റ്റാൻഡിൽ കണ്ണൂരിലേക്ക് യാത്ര ചെയ്യാൻ വേണ്ടി കാത്തു നിന്ന യാത്രക്കാർ പകരം വന്ന ബസ് കണ്ടു ഞെട്ടി. റിസർവ് ചെയ്ത സ്‌കാനിയ ബസിന് പകരം എത്തിയത് വോൾവോ ലോ ഫ്ലോർ ബസുകൾ. നേരത്തെ സീറ്റുകൾ ബുക്ക് ചെയ്തിരുന്നവർക്ക് ഒരു മുന്നറിയിപ്പും നൽകാതെയാണ് പെട്ടെന്നുളള ഈ മാറ്റം. അഞ്ഞൂറോളം കിലോമീറ്റർ പിന്നിടേണ്ട ഈ ബസിൽ പുഷ് ബാക്ക് സംവിധാനമുള്ള സീറ്റുകൾ ഇല്ല. സീറ്റിംഗ് ക്രമീകരണം ദീർഘ ദൂര യാത്രക്കായി യോജിച്ചതുമല്ല. ഇതിൽ പോയാൽ തിരുമ്മൽ കേന്ദ്രത്തിൽ അഡ്മിറ്റ് ആവേണ്ടി വരുമെന്ന് കരുതിത്തന്നെ യാത്രക്കാർ മറ്റ് വഴിയില്ലാതെ ലോ ഫ്ളോർ ബസിനെ ആശ്രയിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്കു പുറപ്പെടേണ്ട സ്‌കാനിയ ബസാണ് കെ.എസ്.ആർ.ടി.സി അകാരണമായി റദ്ദാക്കിയത്. പകരം സൂപ്പർ ക്ലാസ് സെമി സ്ലീപ്പർ ബസെങ്കിലും ഏർപ്പെടുത്താതെ ഇത്രയും ദൂരത്തേക്കുള്ള യാത്രയ്ക്ക് ലോ ഫ്ലോർ ബസ് അയയ്ക്കുകയായിരുന്നു. തിരുവനന്തപുരം സിറ്റി ഡിപ്പോയുടെ കീഴിലുള്ള ജെ.എൻ 375 നമ്പറിലുള്ള ബസാണ് ഇത്രയുമധികം ദൂരം സർവീസ് നടത്തിയത്. ജൻറം പദ്ധതിയുടെ കീഴിൽ ലഭിച്ച ലോ ഫ്ലോർ ബസുകൾ സിറ്റി സർവീസിന് വേണ്ടിയാണ് മറ്റ് സംസ്ഥാനങ്ങൾ ഉപയോഗിക്കുന്നത്. കേരളത്തിലും തുടക്കത്തിൽ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ സർവീസ് നടത്തിയിരുന്നുവെങ്കിലും പിന്നീട് ഈ ബസുകൾ ദീർഘദൂര സർവീസിന് ഉപയോഗിക്കാൻ തുടങ്ങി.

അതേസമയം, എല്ലാ ദിവസവും മികച്ച കളക്ഷൻ ലഭിച്ചിരുന്ന തിരുവനന്തപുരം- കണ്ണൂർ സ്‌കാനിയ സർവീസ് മുടക്കാൻ ചില നീക്കങ്ങൾ നടക്കുന്നുവെന്നും ആരോപണമുണ്ട്. സ്കാനിയ സ്ഥിരമായി മുടങ്ങിയാൽ അതൊഴിവാക്കി യാത്രക്കാർ വീണ്ടും സ്വകാര്യ സർവീസുകളെ ആശ്രയിക്കും. ഇതറിയാമായിരുന്നിട്ടും സ്കാനിയ സർവീസ് മുടക്കുന്നത് ജീവനക്കാർക്കിടയിലും മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തു നിന്ന് കണ്ണൂർ വരെ എണ്ണൂറ്റി അമ്പത് രൂപയാണ് റിസർവേഷൻ ചാർജ് ഉൾപ്പടെ ഈടാക്കുന്നത്. എല്ലാദിവസവും മുഴുവൻ സീറ്റുകളും നിറയും.കഴിഞ്ഞ ദിവസം സ്കാനിയ ഒഴിവാക്കി ലോ ഫ്ളോർ ബസ് പകരം എത്തിച്ചതിൽ ജീവനക്കാരുമായി യാത്രക്കാർ വഴക്കിടുകയും ചെയ്തിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള സ്‌കാനിയ ബസിനു പകരം ലോ ഫ്ലോർ ബസ് സർവീസ് നടത്തിയെന്നും ആക്ഷേപമുണ്ട്.