സർക്കാർ സ്‌കൂളുകളിലെ കായിക അദ്ധ്യാപകർ ചട്ടപ്പടി സമരം തുടരുന്നതോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നടന്നു വരുന്ന ജൂനിയർ, സബ് ജൂനിയർ കായിക മത്സരങ്ങൾ പ്രഹസനങ്ങളായി മാറുന്നു. മത്സരങ്ങൾ അരങ്ങേറുന്ന മൈതാനങ്ങളിലെങ്ങും വിദ്യാർഥികൾ തമ്മിൽ തല്ലും പോര്വിളിയും മാത്രം. വിവിധ മത്സര കാലങ്ങളിൽ വിദ്യാർഥികൾ തമ്മിലുള്ള വാക്കേറ്റം കൂട്ടത്തല്ലായി മാറിയപ്പോൾ പരിക്കേറ്റു ചികിത്സ തേടേണ്ടി വന്നത് നിരവധി വിദ്യാർത്ഥികൾക്ക്. പലയിടത്തും അക്രമങ്ങൾ പോലീസ് കേസായി മാറി. പലയിടങ്ങളിലും സ്‌കൂൾ അധികൃതർ തന്നെ വിദ്യാർത്ഥികൾക്കെതിരെ കേസ് നൽകിയ അവസ്ഥ.
ചട്ടപ്പടി സമരം മൂലം അദ്ധ്യാപകർ നിസ്സഹകരിക്കുന്നതോടെ ചടങ്ങിന് മത്സരങ്ങൾ തീർത്തു സംസ്ഥാന സ്‌കൂൾ കായിക മേളകളിലേക്കു കടക്കാനുള്ള വ്യഗ്രതയിലാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരും. ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് കായിക വകുപ്പ്. കായിക അദ്ധ്യാപകർ മത്സര നടത്തിപ്പിൽ നിന്നും വിട്ടു നിന്നതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പലയിടത്തും മേളയുടെ ചുമതല ഏൽപ്പിച്ചത് കായിക രംഗവുമായി ബന്ധമില്ലാത്ത മറ്റു വകുപ്പുകളിലെ അദ്ധ്യാപകരെയാണ്. ഇതൊക്കെയായപ്പോൾ ഇത്തവണത്തെ കായിക മത്സരങ്ങളിൽ നിന്നും സംസ്ഥാന മേളയിലേക്കു പ്രതിഭകളെ കൊണ്ടെത്തിക്കാനാകമോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. മത്സരങ്ങൾ എങ്ങനെയെങ്കിലും കായികമായി അറിവില്ലാത്തവരെ കൊണ്ട് നടത്തി ഫലപ്രഖ്യാപനം നടത്തുക മാത്രമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. അതെ സമയം തങ്ങളുടെ ജോലിഭാരം കുറയ്ക്കാതെ ചട്ടപ്പടി സമരവും നിസ്സഹകരണവും അവസാനിപ്പിക്കില്ല എന്ന കടുത്ത നിലപാടിലാണ് സംസ്ഥാനത്തെ കായിക അദ്ധ്യാപകരും.
പലയിടത്തും ഒഫീഷ്യലുകളും രക്ഷിതാക്കളും അദ്ധ്യാപകരും തമ്മിൽ വാക്കേറ്റമുണ്ടായി. മത്സര ഫലങ്ങളെ ചൊല്ലിയും സംഘാടനത്തിലെ പിഴവുകൾ ചൂണ്ടികാട്ടിയുമായിരുന്നു വാക്കേറ്റം. ചുരുക്കത്തിൽ പുതിയ കീഴ്വഴക്കങ്ങൾക്കാണ് ഇത്തവണത്തെ ജില്ലാ തല കായിക മത്സരങ്ങൾ വേദിയാകുന്നത്. പത്തനംതിട്ട, കിളിമാനൂർ, പാലക്കാട് എന്നിവിടങ്ങളിലൊക്കെ വിദ്യാർഥികൾ ഏറ്റു മുട്ടിയത് അദ്ധ്യാപകരുടെ അസ്സാന്നിധ്യത്തിലാണ്. പലയിടത്തും ചതുപ്പു പ്രദേശങ്ങളിലാണ് ഫുട്‌ബോൾ അടക്കം മത്സരങ്ങൾ സംഘടിപ്പിച്ചത് . ഇതും രക്ഷിതാക്കളുടെ കടുത്ത പ്രതിഷേധത്തിനിടയാക്കി. എന്നിട്ടും കായിക അധ്യാപകരുടെ ജോലിഭാരം കുറയ്ക്കാൻ ഒരു തീരുമാനവും സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നില്ല. 2500 വിദ്യാർത്ഥികളെ കായിക പാഠങ്ങൾ പഠിപ്പിക്കാൻ ഒരു അധ്യാപകൻ മാത്രം എന്ന അവസ്ഥക്ക് മാറ്റം വരണം എന്നതാണു അദ്ധ്യാപകരുടെ ആവശ്യവും.