kohli-

പൂനെ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം സെഞ്ച്വറിയോടെ മായാങ്ക് അഗര്‍വാള്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടാം ദിനം ഇരട്ട സെഞ്ച്വറിയുടെ തിളക്കത്തില്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്ത് ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കൊഹ്ലി. കൊഹ്ലിയുടെ ഇരട്ട സെഞ്ച്വറി കൂടി പിറന്നതോടെ രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കക്ക് കടുത്ത വെല്ലുവിളിയാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ഉയര്‍ത്തിയിരിക്കുന്നത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 514 എന്ന നിലയില്‍ അതിശക്തമായ നിലയിലാണ് ഇന്ത്യ ഇപ്പോഴുള്ളത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ കൊഹ്ലി കേവലം 297 പന്തില്‍ നിന്നുമാണ് ഇരട്ട സെഞ്ച്വറി തികച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏഴാമത്തെ ഇരട്ടസെഞ്ച്വറിയാണ് ഇതോടെ കൊഹ്ലി സ്വന്തമാക്കിയിരിക്കുന്നത്. ഇരുപത്തിയെട്ട് ഫോറുകളാണ് ഇന്നിംഗ്സില്‍ കോഹ്ലിയുടെ ബാറ്റില്‍ നിന്നും പിറന്നത്. 194 പന്തില്‍ നിന്നുമാണ് ഇരുപത്തിയാറാമത്തെ സെഞ്ച്വറി തികച്ചത്. സെഞ്ച്വറി നേട്ടത്തിനുശേഷം ബാറ്റിംഗില്‍ വേഗത കൂട്ടിയ കോഹ്ലി കേവലം 103 പന്തുകളില്‍ നിന്നുമാണ് ഇരട്ടസെഞ്ച്വറിക്കുവേണ്ട നൂറ് റണ്‍സ് കണ്ടെത്തിയത്.

വിശാഖ പട്ടണത്തെ ഇരട്ട സെഞ്ച്വറിയുടെ തുടര്‍ച്ചയെന്നോണം ബാറ്റു വീശിയ മായാങ്ക് അഗര്‍വാളിന്റെ മനോഹരമായ ഇന്നിംഗ്സും (108) ടെസ്റ്റിലെ എക്കാലത്തെയും വിശ്വസ്തന്‍ ചേതേശ്വര്‍ പുജാരയുടെയും (58) രഹാനെ (59)യുടേയും അര്‍ദ്ധ സെഞ്ച്വറിയുടെയും മികവില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് മുന്നേറുകയായിരുന്നു. അചഞ്ചലമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ക്യാപ്ടന്‍ കൊഹ്ലിക്ക് പിന്തുണയുമായി രവീന്ദ്ര ജഡേജയാണ് ഇപ്പോള്‍ ക്രീസിലുള്ളത്.