abiy
abiy

പുരസ്‌കാരം എറിത്രിയയുമായുള്ള അതിർത്തി തർക്കം പരിഹരിച്ചതിന്

ഓസ്ലോ: സമാധാനത്തിനുള്ള ഇക്കൊല്ലത്തെ നോബൽ സമ്മാനത്തിന് എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയെ നോബൽ കമ്മിറ്റി തിരഞ്ഞെടുത്തു. വംശീയ സംഘർഷങ്ങൾ കലുഷമാക്കിയ എത്യോപ്യയെ രാഷ്‌ട്രീയ പരിഷ്‌കാരങ്ങളുടെ പാതയിലൂടെ നയിക്കുകയും ബദ്ധശത്രുവായിരുന്ന അയൽ രാജ്യമായ എറിത്രിയയുമായി സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്‌തതാണ് 43കാരനായ അലിയെ നോബൽ പുരസ്‌കാരത്തിന് അർഹനാക്കിയത്. നൂറാമത്തെ സമാധാന നോബൽ ജേതാവാണ് അദ്ദേഹം.

സ്വീഡനിലെ കൗമാരക്കാരിയായ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗിന്റെ പേരും സമ്മാനത്തിനായി പറഞ്ഞു കേട്ടെങ്കിലും അബി അഹമ്മദിനെയാണ് തിരഞ്ഞെടുത്തത്.
''ഒരാളുടെ മാത്രം പ്രവൃത്തി കൊണ്ടല്ല സമാധാനം രൂപപ്പെടുന്നത്. അബി അഹമ്മദ് അലി സമാധാന ഹസ്തം നീട്ടിയപ്പോൾ എറിത്രിയൻ പ്രസിഡന്റ് ഇസൈയാസ് അഫ്‌വെർക്കി അത് ഇരും കൈയും നീട്ടി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കം തീർത്ത് സമാധാനം കൊണ്ടുവരാൻ അബി വളരെയധികം പ്രയത്നിച്ചു''- നോബൽ കമ്മിറ്റിയുടെ അറിയിപ്പിൽ പറയുന്നു.

ഡിസംബർ 10ന് ഓസ്ലോയിൽ നടക്കുന്ന ചടങ്ങിൽ അബി അഹമ്മദ് അലി പുരസ്‌കാരം ഏറ്റുവാങ്ങും. ഏകദേശം ആറര കോടി രൂപയാണ് സമ്മാനത്തുക.

ആഫ്രിക്കൻ രാജ്യങ്ങളായ എത്യോപ്യയും എറിത്രിയയും തമ്മിലുള്ള അതിർത്തിതർക്കം 1998 മുതൽ 2000 വരെ നീണ്ട യുദ്ധത്തിൽ കലാശിച്ചിരുന്നു. തുടർന്ന് ഇരുപത് വർഷത്തോളം നീണ്ട സൈനിക സംഘർഷമായിരുന്നു. മുപ്പത് ലക്ഷത്തോളം എത്യോപ്യക്കാർ പലായനം ചെയ്‌തു. അയൽ രാജ്യങ്ങളിൽ നിന്ന് പത്ത് ലക്ഷത്തോളം അഭയാർത്ഥികൾ എത്യോപ്യയിലേക്കും എത്തി.