kadri-gopalnath-

കർണാടകയിലെ മംഗലാപുരത്തിനടുത്തുള്ള ഒരു പ്രദേശത്തിന്റെ പേരാണ് കദ്രിയെങ്കിലും ആ പേരിനെ സ്വന്തം സംഗീതത്തിലൂടെ ആഗോള പ്രശസ്തമാക്കിയ സംഗീതജ്ഞനായിരുന്നു ഇന്നലെ അന്തരിച്ച സാക്‌സഫോൺ വാദകൻ ശ്രീ. കദ്രി ഗോപാൽനാഥ്.

ആൾട്ടോ സാക്‌സഫോൺ എന്ന പാശ്ചാത്യ സംഗീത ഉപകരണത്തെ കർണാടക സംഗീതത്തിനനുസൃതമായി പരിഷ്‌കരിക്കാനും അതിലൂടെ ഉതിർത്ത സംഗീതത്താൽ ലോകത്തെ വിസ്മയിപ്പിക്കാനും കദ്രിക്കു കഴിഞ്ഞു.ഒരർത്ഥത്തിൽ കർണാടക സംഗീതത്തിന് വഴങ്ങാത്ത ഉപകരണത്തെ വഴക്കിയെടുക്കുകയായിരുന്നു കദ്രി.സാക്സഫോൺ പരിമിതികളുള്ള വാദ്യോപകരണമായിട്ടും അതിന്റെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തി ശ്രോതാക്കളെ ആനന്ദലഹരിയിൽ ആറാടിക്കാൻ ഈ വിശ്രുത വാദകന് കഴിഞ്ഞത് അദ്ദേഹത്തിന്റെ സമർപ്പണ മനോഭാവം ഒന്നുകൊണ്ടുമാത്രമായിരുന്നു.

സാക്‌സഫോണിൽ വിദഗ്ദ്ധരായ പാശ്ചാത്യ വാദകരിൽപ്പോലും അദ്ഭുതം ജനിപ്പിക്കുംവിധം കദ്രി ലളിതവും അതിസങ്കീർണവുമായ രാഗങ്ങൾ ഈ ഉപകരണത്തിലൂടെ അനായസം ആലാപനം ചെയ്‌തു. കദ്രിയുടെ സാക്‌സഫോൺ കച്ചേരിക്ക് ലോകത്തെവിടെയായാലും വിപുലമായ ആരാധകവൃന്ദമുണ്ടായിരുന്നു. ഒരു നിമിഷം പോലും വിരസമാകാത്തതായിരുന്നു അദ്ദേഹത്തിന്റെ ഓരോ കച്ചേരികളും. സാക്‌സഫോൺ എന്ന ഉപകരണത്തിന്റെ പര്യായമായി മാറാൻ ആ പ്രഗത്ഭ സംഗീതജ്ഞനായി. ചലച്ചിത്ര രംഗത്തും ആ മികവ് എ.ആർ.റഹ്‌മാനെപ്പോലുള്ള പ്രതിഭകൾ പ്രയോജനപ്പെടുത്തി.

69-ാം വയസിലായിരുന്നു ഈ അതുല്യ കലാകാരന്റെ അന്ത്യം. ഇനിയും ആ സംഗീതമാധുര്യം കലാസ്വാദകർക്ക് എത്രയോ വേദികളിൽ പകർന്നു കിട്ടേണ്ടതായിരുന്നുവെന്ന് ചിന്തിക്കാം. എങ്കിലും സാക്‌സഫോണിൽ പൂർണത കൈവരിക്കാൻ കഴിഞ്ഞ വാദകനായിരുന്നു കദ്രി. നാഗസ്വരമെന്നു കേൾക്കുമ്പോൾ നാം രാജരത്തിനം പിള്ളയേയും ,പുല്ലാങ്കുഴൽ എന്നു കേൾക്കുമ്പോൾ ടി.ആർ.മഹാലിംഗത്തേയും മാൻഡൊലിൻ എന്നു കേൾക്കുമ്പോൾ യു. ശ്രീനിവാസിനേയും ഓർത്തുപോകുന്നു. ഇനി സാക്‌സഫോൺ എന്നു കേൾക്കുമ്പോൾ കദ്രി ഗോപാൽ നാഥിനെ മാത്രമേ ഓർക്കുകയുള്ളൂ.