വാഷിംഗ്ടൺ: സാമുവൽ ലിറ്റിൽ ഈ പേരുകേൾക്കുമ്പോൾ അമേരിക്കക്കാർ ഞെട്ടും. രാജ്യത്തെ കിടുകിടാ വിറപ്പിച്ച ഈ പരമ്പരകൊലയാളി കൊന്നുതള്ളിയത് 90പേരെയാണ്. ഏറെയും സുന്ദരികളായ യുവതികളെ. വശീകരിച്ച് സ്വന്തം ഇംഗിതത്തിന് വിധേയമാക്കിയശേഷം അടിച്ചുവീഴ്ത്തിയും ശ്വാസം മുട്ടിച്ചും കൊല്ലും. പിന്നീട് ആരുംകാണാതെ മൃതദേഹം ഉപേക്ഷിക്കും. തെളിവുകളൊന്നും അവശേഷിപ്പിക്കാത്തതിനാൽ കൊലപാതകങ്ങൾക്ക് പിന്നിൽ ആരെന്ന് കണ്ടെത്താൻ പൊലീസ് കഴിഞ്ഞിരുന്നില്ല. ഒടുവിൽ, ഡി.എൻ.എ സാമ്പിളുകൾ വച്ചുള്ള അന്വേഷണത്തിലാണ് സാമുവൽ കുടുങ്ങിയത്. കൊലപ്പെടുത്തിയെന്ന് സാമുവൽ പറയുന്ന പല സ്ത്രീകളുടെയും മരണമോ തിരോധാനമോ പൊലീസ് സ്ഥിരീകരിച്ചിട്ടുപോലുമില്ല എന്നതാണ് ഏറെ ഞെട്ടിക്കുന്നത്. 56വർഷത്തിനിടെയാണ് ഇത്രയും കൊലപാതകങ്ങൾ നടത്തിയത്.
ലൈംഗിക തൊഴിലാളികളെയും മയക്കുമരുന്നിന് അടിമകളായവരെയും കുടുംബ ബന്ധത്തിൽ പ്രശ്നങ്ങളുള്ളവരെയുമായിരുന്നു സാമുവൽ ഉന്നംവച്ചിരുന്നത്.കൊലപ്പെടുത്തിയവരിൽ കൂടുതലും ലൈംഗിക തൊഴിലാളികളായിരുന്നു. ഇരകൾക്ക് സൗന്ദര്യം വേണമെന്നത് സാമുവലിന് നിർബന്ധമാണ്. വയസ് 79 ആയെങ്കിലും ഇരകളുടെ ശരീരവടിവ് സാമുവലിന് ഇപ്പോഴും ഓർമയുണ്ട്. തൊലിയുടെയും മുടിയുടെയും നിറംപോലും മറന്നിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വെളിപ്പെടുത്തുമ്പോൾ കൊല്ലപ്പെട്ടവരുടെ ശരീരവർണന നടത്താനും അയാൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ക്രൂരകൊലപാതകങ്ങൾ നടത്തിയെങ്കിലും കുറ്റബോധം ലവലേശമില്ല. അമിത ലൈംഗികാസക്തിയും ആക്രമണ സ്വഭാവവും കാണിച്ചിരുന്ന സാമുവൽ ഒരാളെ സ്‌കെച്ചുചെയ്തുകഴിഞ്ഞാൽ പിന്നെ അവരുടെ പുറകേകൂടും. ദിവസങ്ങൾക്കകം ഇരയെ പാട്ടിലാക്കും. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗികബന്ധത്തിലേർപ്പെടും. അതിന്റെ മാസ്മരിക ലഹരിയിൽ മയങ്ങിക്കിടക്കുന്ന ഇരയെ നിഷ്‌കരുണം കൊലപ്പെടുത്തും. അതിശക്തമായി ശരീരത്തിന്റെ മർമ്മഭാഗങ്ങളിൽ ഇടിച്ച് ബോധം കെടുത്തിയശേഷം ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കും. പാടുകളൊന്നും ശരീരത്തിലുണ്ടാവാതിരിക്കാൻ സാമുവൽ പ്രത്യേകം ശ്രദ്ധിക്കും.
മുമ്പ് പ്രൊഫഷണൽ ബോക്സറായി നേടിയ പരിശീലനമാണ് ഇതിന് സഹായിച്ചിരുന്നത്. പാടുകൾ ശരീരത്തിൽ കാണാത്തതിനാൽ മയക്കുമരുന്ന് കൂടിയ അളവിൽ കഴിച്ച് വീണുമരിച്ചെന്ന് പൊലീസ് വിധിയെഴുതും. തന്റെ നേരെ അന്വേഷണം എത്താതിരിക്കാൻ തെളിവുകളെല്ലാം ഇല്ലാതാക്കാൻ സാമുവൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
1987നും 89നും ഇടയിൽ മൂന്നുയുവതികളെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ സാമുവലിനെ 2014ലാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഈ കേസിൽ ജയിലിൽ കഴിയുമ്പോഴാണ് താൻ ചെയ്ത കൊലപാതകങ്ങളെല്ലാം അയാൾ എണ്ണിയെണ്ണിപ്പറഞ്ഞത്. കൊലപ്പെടുത്തിയവരുടെ വിവരങ്ങളെല്ലാം സാമുവൽ ഡയറിയിൽ കുറച്ചുവച്ചിരുന്നു.
1940ൽ അമേരിക്കയിൽ ജോർജിയിലെ റെയ്‌നോൾഡ്സിലായിരുന്നു ജനനം. ശരീരം വിൽക്കുന്ന സ്ത്രീയായിരുന്നു സാമുവലിന്റെ അമ്മ. അതിനാൽ ബന്ധുക്കളും അയൽക്കാരുമൊക്കെ സാമുവലിനെ അവഗണിച്ചു. കൂട്ടുകാർ പോലും ഉണ്ടായിരുന്നില്ല. കുറച്ചുവർഷം കഴിഞ്ഞതോടെ കുടുംബം ഒഹയോയലേക്ക് താമസം മാറി. സ്‌കൂളിലെ സ്ഥിരം പ്രശ്നക്കാരനായിരുന്നു സാമുവൽ. അതോടെ സ്‌കൂളിൽനിന്ന് പുറത്തായി. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ സാമുവൽ അവ സംഘടിപ്പിക്കാനായി മോഷണം തുടങ്ങി. മോഷണം, വഞ്ചന, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങൾക്ക് അറസ്റ്റിലായി. ഒന്നുരണ്ടുതവണ ശിക്ഷിക്കപ്പെടുകയും ചെയ്തു. പക്ഷേ, അപ്പോഴൊക്കെ പരമ്പരകൊലയാളിയാണ് സാമുവൽ എന്നുള്ളത് ആരും അറിഞ്ഞില്ല.1980ൽ ആദ്യം ഫ്‌ളോറിഡയിലും പിന്നീട് മിസിസിപ്പിയിലും കൊലപാതകം ആരോപിച്ച് പിടിയിലായെങ്കിലും തെളിവില്ലാത്തതിനാൽ ശിക്ഷിക്കപ്പെട്ടില്ല. ഇതോടെ താൻ പിടിക്കപ്പെടില്ല എന്ന് അയാൾ ഉറച്ച് വിശ്വസിച്ചു.
സാമുവൽ ചെയ്‌തെന്ന് പറയുന്ന പല കൊലപാതകങ്ങളിലും പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്. ഇരകളുടെ ചിത്രംപോലും ലഭ്യമല്ല. സാമുവൽ ഏറ്റുപറഞ്ഞ 90കൊലപാതകങ്ങളിൽ 30 എണ്ണം പൊലീസ് സ്ഥിരീകരിച്ചുകഴിഞ്ഞു. ബാക്കിയുള്ളവ എങ്ങനെ തെളിയിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒരെത്തുംപിടിയുമില്ല.