soorya

തിരുവനന്തപുരം: സൂര്യ ഫെസ്‌റ്റിവലിൽ ഗായകൻ യേശുദാസ് അവതാരകരെ ശാസിച്ചുവെന്ന വാർത്ത അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നിശ്‌ചയിച്ചതിൽ നിന്നും മാറി അവതരണവും പ്രമോഷൻ പരിപാടിയും നീണ്ടുപോയതിൽ യേശുദാസ് തന്റെ നീരസം പരസ്യമായി തന്നെ വേദിയിൽ പങ്കുവച്ചിരുന്നു. എന്നാൽ ഇത് ഗാനഗന്ധവൻ അവതാരകരായ യുവതികളെ ശാസിച്ചു എന്ന തരത്തിൽ പ്രചരിക്കുകയായിരുന്നു. എന്നാൽ വിവാദങ്ങൾക്ക് മറുപടിയുമായി സൂര്യ കൃഷ്‌ണമൂർത്തി തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തി.

അവതാരകരായ രശ്‌മിയും സജ്‌നയും താൻ പഠിപ്പിച്ചു കൊടുത്തതു മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും. യേശുദാസിന്റെ വാക്കുകൾ കൊണ്ടല്ല മറിച്ച്, അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് സദസിൽ നിന്നുയർന്ന പരിഹാസരൂപേണയുള്ള കൈയടികളാണ് ഇരുവരെയും വേദനിപ്പിച്ചതെന്ന് കൃഷ്‌ണമൂർത്തി വ്യക്തമാക്കുന്നു.

'രശ്‌മിയും സജ്‌നയും ഞാൻ പഠിപ്പിച്ചു കൊടുത്തതു മാത്രമേ പറഞ്ഞിട്ടുള്ളൂ. അവർ ഈ സ്‌റ്റേജിൽ പറഞ്ഞതെല്ലാം ഞാൻ പഠിപ്പിച്ചതും റിഹേഴ്‌സൽ ചെയ്യിപ്പിച്ചതും മാത്രമായിരുന്നു. അതിൽ എന്തെങ്കിലും നീണ്ടുപോയിട്ടുണ്ടെങ്കിൽ അത് എന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റ് മാത്രമാണ്. സൂര്യ പ്രവർത്തിച്ചു വരുന്നത് ബി.ആർ ഷെട്ടിയുടെ സപ്പോർട്ട് കൊണ്ട് മാത്രമാണ്. യേശുദാസിന്റെ വാക്കുകൾ കൊണ്ടല്ല മറിച്ച്, അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് സദസിൽ നിന്നുയർന്ന പരിഹാസരൂപേണയുള്ള കൈയടികളാണ് അവതാരകരായ രശ്‌മിക്കും സജ്‌നക്കും വേദന നൽകിയത്. അവരും കലാകാരന്മാരാണ് അതിലുപരി മനുഷ്യരും. അവരുടെ ആത്മാർത്ഥതയ്‌ക്ക് നേരെയാകരുത് ക്രൂരമായ അത്തരം പ്രതികരണങ്ങൾ. കാരണം അവർ സൂര്യയ്‌ക്ക് എന്നും വിലപ്പെട്ടവരാണ്'.