crime

കൊച്ചി /ചോറ്റാനിക്കര: സ്വത്തിന് വേണ്ടി സ്വന്തം കുടുംബാംഗങ്ങളെ നിഷ്‌കരുണം കൊന്നുതള്ളിയെ കൂടത്തായി ജോളിയുടെ കഥകേട്ട് ഞെട്ടിയിരിക്കുകയാണ് കേരളം. എന്നാൽ, പണത്തിനും സ്വത്തിനും വേണ്ടി സ്വന്തം അമ്മയെ ഉൾപ്പടെ കൊന്നുതള്ളിയ 'ജോളിമാർ' നേരത്തേയും വാർത്തകളിൽ നിറഞ്ഞിരുന്നു. അതിലൊന്നാണ് 16 കൊല്ലം മുമ്പ് നടന്ന ഈ സംഭവം. തിരുവനന്തപുരം സ്വദേശിയും ചോറ്റാനിക്കര കിടങ്ങയത്ത് വാടകയ്ക്ക് താമസിക്കുകയും ചെയ്തിരുന്ന ലേഖയുടെ ചെയ്തികളും സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചതായിരുന്നു. കാമുകനൊപ്പം സുഖസുന്ദര ജീവിതം നയിക്കാനായി പെറ്റമ്മയെയും സഹോദരങ്ങളെയും സഹോദരിയുടെ പിഞ്ചുകുഞ്ഞിനെയും ഉൾപ്പെടെ ആറുപേരെയാണ് ലേഖ വിഷം കൊടുത്ത് കൊന്നത്. കൊലപാതകം ആസൂത്രണം ചെയ്തത് ലേഖയുടെ കാമുകൻ അശോകനായിരുന്നു, നടപ്പാക്കിയത് ലേഖയും. അമ്മയുടെ പേരിലുള്ള സ്ഥലത്തിനും കൈവശമുണ്ടായിരുന്ന രൂപയ്ക്കും വേണ്ടിയായിരുന്നു ഈ കൊലകൾ.

അദ്യം 'ആത്മഹത്യ'പിന്നെ കൂട്ടക്കൊല

2003 ഒക്ടോബർ 17ന് ചോറ്റാനിക്കര കിടങ്ങയം നിവാസികൾ അന്ന് ഉണർന്ന് എഴുന്നേറ്റത് ഞെട്ടിപ്പിക്കുന്ന ആ വാർത്ത കേട്ടാണ്. പ്രദേശത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഒരു കുടുംബമാകെ ആത്മഹത്യ ചെയ്തിരിക്കുന്നു. സ്ഥലത്തേക്ക് ചോറ്റാനിക്കര പൊലീസ് ചീറിപ്പാഞ്ഞെത്തി. പിന്നെയായിരുന്നു ട്വിസ്റ്റ്! 'ആത്മഹത്യയ്ക്ക്' ശ്രമിച്ച രണ്ടുപേർ ജീവനോടെ സമീപത്തെ കിണറ്റിൽ കിടക്കുന്നു. കുടുംബത്തിലെ ഇളയ മകളായ ലേഖയും സുഹൃത്ത് അശോകനും. ഉടൻ തന്നെ ഇവരെ കരയ്‌ക്കെത്തിച്ച് അടിയന്തര ചികിത്സ നൽകി. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. എന്നാൽ, ഇവരുടെ പെരുമാറ്റത്തിലെ അസ്വഭാവികത തിരിച്ചറിഞ്ഞ പൊലീസ്, ഇവരുടേത് ആത്മഹത്യാ നാടകമായിരുന്നെന്നും മരിച്ച മറ്റുള്ളവരെ ഇവർ കൊലപ്പെടുത്തിയതാണെന്നും ഞൊടിയിടയിൽ കണ്ടെത്തി. അന്നുതന്നെ ലേഖയെയും അശോകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

വിനയായത് അതിബുദ്ധി
ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ലേഖ, നാട്ടുകാരനായ അശോകനുമായി പ്രണയത്തിലായിരുന്നു. അമ്മ ശ്യാമളയുടെ പേരിലുള്ള പണവും സ്വത്തും കൈക്കലാക്കാൻ വേണ്ടി ലേഖയും കാമുകനും ആസൂത്രണം ചെയ്ത 'കൂട്ട അത്മഹത്യാ നാടകം' ആയിരുന്നു ആ കൊലപാതകങ്ങൾ. രാത്രി ഭക്ഷണത്തിൽ വിഷം കലർത്തി മറ്റുള്ളവർക്ക് നൽകിയശേഷം ഇരുവരും കിണറ്റിൽ ഇറങ്ങി കിടക്കുകയായിരുന്നു. തങ്ങളും ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് വരുത്തി തീർക്കുകയായിരുന്നു ലക്ഷ്യം. മുട്ടോളം വെള്ളത്തിൽ കിടക്കുന്ന ഇവരെ കണ്ടപാടെ തന്നെ മറ്റുള്ളവരുടെ മരണം കൂട്ടക്കൊല ആകാമെന്ന സംശയം പൊലീസിൽ ജനിപ്പിച്ചിരുന്നു. സമീപത്തെ മരത്തിൽ വടം കെട്ടിയ ശേഷമാണ് ലേഖയും അശോകനും കിണറ്റിലേക്ക് ഇറങ്ങിയതെന്നും പൊലീസ് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. കിടങ്ങയം മുടക്കരവീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന തിരുവനന്തപുരം നേമം ആനക്കുഴി ചാരുവിള പുത്തൻവീട്ടിൽ ശ്യാമള (65), മക്കളായ സുധ (33), ലത, സുരേഷ്, ലതിക, സുധയുടെ മകൻ സുജിത്ത് (6) എന്നിവരെയാണ് വിഷം നൽകി കൊന്നത്. നാടിനെ ഞെട്ടിച്ച കേസിലെ പ്രതികളെ അന്നുതന്നെ പിടികൂടാനായത് അന്വേഷണ സംഘത്തിന് പ്രശംസയും നേടിക്കെടുത്തിരുന്നു.

ജീവപര്യന്തം
കേസിൽ അറസ്റ്റിലായ പ്രതികളെ പിന്നീട് എറണാകുളം സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ ജസ്റ്റിസുമാരായ എ.കെ. ബഷീറും പി.എസ്. ഗോപിനാഥനും ഉൾപ്പെട്ട ബഞ്ച് തള്ളുകയായിരുന്നു. സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസ് സംശയലേശമന്യേ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചതായി ഡിവിഷൻബെഞ്ച് നിരീക്ഷിക്കുകയും ചെയ്തിരുന്നു.