manu-home

തിരുവനന്തപുരം: റബർ തോട്ടത്തിൽ ടാർപ്പാളിൻ മേൽക്കൂരയാക്കി ജീവിക്കുന്ന നാലുപേർ. മഴ പെയ്യുമ്പോൾ നനയുകയല്ലാതെ ഇവർക്ക് മറ്റ് മാർഗമില്ല. വെള്ളനാട് ഗവ. എൽ.പി സ്‌കൂളിലെ രണ്ടാംക്ളാസ് വിദ്യാർത്ഥിയായ മനുവിന്റെയും കുടുംബത്തിന്റെയും അവസ്ഥയാണിത്. കൃഷി ആവശ്യത്തിനുവേണ്ടി നിർമ്മിച്ച മുന്നു ചുമരുകൾക്കു മുകളിലാണ് ടാർപ്പാളിൻ വലിച്ചുകെട്ടിയിട്ടുള്ളത്. വീടെന്നത് ഇവർക്ക് വെറും സ്വപ്‌നം മാത്രമായിരുന്നു. അച്ഛൻ മനുവിനെയും കുടുംബത്തെയും ഉപേക്ഷിച്ചുപോയി. വീട്ടിൽ ആസ്ത്മാരോഗിയായ അമ്മ, രണ്ടുകണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ട മുത്തശ്ശി, മനുവിന്റെ അമ്മയുടെ ചേച്ചിയുടെ മകൾ എന്നിവരാണ് താമസം. ഇവരെല്ലാവരും കൂടി വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ കഴിയുന്നത്. പക്ഷേ സഹപാഠികൾ മനുവിനെ കൈവിട്ടില്ല. സ്വന്തമായി വസ്‌തുവോ തിരിച്ചറിയൽ രേഖകളോ ഇല്ല. എന്നിട്ടും വെള്ളനാട് സ്‌കൂളിലെ പി.ടി.എയും അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് മനുവിന് വീടൊരുക്കുകയാണ്. വെള്ളനാടിന് സമീപം നെടിയവിള പാറാംകുഴി ഭാഗത്ത് മൂന്ന് സെന്റ് സ്ഥലത്താണ് 470 ചതുരശ്ര അടിയിൽ വീട് നിർമ്മിക്കുന്നത്. സുമനസുകളുടെ സഹായത്താലാണ് സ്‌കൂൾ പി.ടി.എ ഇതിന് നേതൃത്വം നൽകുന്നത്. ഇതിനായി വെള്ളനാട് ഗ്രാമീൺ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495311976, 9496548585.