ടെഹ്‌റാൻ: ഇറാൻ എണ്ണ ടാങ്കറിനു നേരെ ചെങ്കടലിൽ മിസൈലാക്രമണം. സൗദി തുറമുഖ നഗരമായ ജിദ്ദയിൽനിന്നു 96 കിലോമീറ്റർ ദൂരെ ചെങ്കടലിലുണ്ടായ ആക്രമണത്തിൽ ടാങ്കറിന്റെ സ്റ്റോർ റൂമുകൾ തകർന്ന് എണ്ണച്ചോർച്ചയുണ്ടായതായി ഇറാൻ വ്യക്തമാക്കി. രണ്ടു മിസൈലുകളാണു ടാങ്കറിൽ പതിച്ചത്. ജീവനക്കാർ സുരക്ഷിതരാണെന്ന് ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ചു സൗദി അറേബ്യ പ്രതികരിച്ചിട്ടില്ല. ഇറാന്റെ ദേശീയ എണ്ണക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള സാബിറ്റി എന്ന കപ്പലിനു നേരെയായിരുന്നു ആക്രമണം. ഒരിടവേളയ്ക്കുശേഷം മദ്ധ്യപൂർവേഷ്യയിൽ ഇറാനും യു.എസും തമ്മിലുള്ള സംഘർഷം വർദ്ധിപ്പിക്കുന്നതാണ് മിസൈൽ ആക്രമണമെന്നാണ് റിപ്പോർട്ട്.
കപ്പലിനു നേരെയുണ്ടായത് ഭീകരാക്രമണമാണെന്നാണ് ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ മഹാസമുദ്രത്തെ സൂയസ് കനാൽ വഴി മെഡിറ്ററേനിയൻ സമുദ്രവുമായി ബന്ധിപ്പിക്കുന്ന ചെങ്കടൽ കഴിഞ്ഞ കുറേ നാളുകളായി സംഘർഷഭരിതമാണ്. സൗദിയുടെ എണ്ണപ്പാടങ്ങൾക്കും ശുദ്ധീകരണശാലകൾക്കും നേരെ കഴിഞ്ഞ മാസം ആക്രമണം നടന്നിരുന്നു. ഇതിനു പിന്നിൽ ഇറാനാണെന്നാണ് അമേരിക്ക ആരോപിച്ചത്. എന്നാൽ ഇറാൻ ഇതു നിഷേധിക്കുകയും ചെയ്തു. അതേസമയം, ചെങ്കടലിലെ മിസൈലാക്രമണത്തെക്കുറിച്ച് മാദ്ധ്യമങ്ങളിൽ നിന്ന് അറിഞ്ഞതായി മേഖലയിലുള്ള അമേരിക്കയുടെ അഞ്ചാം കപ്പൽപട പ്രതികരിച്ചു.