മംഗളൂരു: സാക്സഫോണിലെ സംഗീതവിസ്മയം, കദ്രി ഗോപാൽനാഥ് (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. ബി.ബി.സിയുടെ പ്രൊമനേഡ് കച്ചേരിയിൽ ക്ഷണം കിട്ടിയ ആദ്യ കർണാടക സംഗീതജ്ഞനാണ് കദ്രി. ഇന്ത്യൻ സാക്സഫോൺ ചക്രവർത്തി എന്നറിയപ്പെടുന്ന കദ്രി ഗോപാൽനാഥ് സാക്സഫോൺ എന്ന പാശ്ചാത്യ സംഗീതോപകരണത്തിന് കർണാടകസംഗീതവും അനായാസം വഴങ്ങുമെന്ന് തെളിയിച്ച പ്രതിഭ കൂടിയാണ്.
പദ്മശ്രീ ബഹുമതി നേടിയ അദ്ദേഹം കാഞ്ചി കാമകോടി പീഠത്തിന്റെയും ശൃംഗേരി മഠത്തിന്റെയും ആസ്ഥാന വിദ്വാൻ പദവിക്കും അർഹനായി. 1949-ൽ ദക്ഷിണ കന്നഡയിലെ ബന്ത്‌വാലുള്ള സജീപ മൂഡ ഗ്രാമത്തിലെ മിത്താകെരിയിൽ ജനിച്ച ഗോപാൽനാഥ് നാഗസ്വര വിദ്വാനായ പിതാവിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. ചെറുപ്പത്തിൽ മൈസൂർ കൊട്ടാരത്തിലെ ബാൻഡ് സംഘം സാക്സഫോൺ വായിക്കുന്നതു കണ്ട് ആവേശഭരിതനായാണ് കദ്രി ആ സംഗീതോപകരണം അഭ്യസിക്കാൻ തീരുമാനിച്ചത്. 1977ൽ മദ്രാസിൽ നിന്ന് സാക്സഫോണുമായി യാത്ര തുടങ്ങിയ അദ്ദേഹം മിക്ക രാജ്യാന്തര സംഗീതോത്സവങ്ങളിലും പങ്കാളിയായി. ബർലിനിലെയും പ്രേഗിലെയും ജാസ് ഫെസ്‌റ്റിവലുകളിൽ ഭാഗമായി. ബംഗളൂരു സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. സാക്സഫോൺ ചക്രവർത്തി, സാക്സഫോൺ സമ്രാട്ട്, ഗാനകലാശ്രീ, നാദോപാസന ബ്രഹ്മ, സംഗീതവൈദ്യരത്ന, നാദകലാനിധി, കലൈമാമണി തുടങ്ങി നിരവധി ബഹുമതികൾക്ക് അർഹനായി.
ഭാര്യ: സരോജിനി. മക്കൾ: പ്രശസ്ത സംഗീത സംവിധായകൻ മണികാന്ത് കദ്രി, ഗുരുപ്രസാദ് കദ്രി (കുവൈറ്റ്), അംബിക മോഹൻ.