ചെന്നൈ: ഇന്ത്യയുമായുള്ള അനൗപചാരിക കൂടിക്കാഴ്‌ചയ്‌ക്കായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് തമിഴ്‌നാട്ടിലെത്തി. ചെന്നൈ വിമാനത്താവളത്തിൽ തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവർ ചേർന്ന് ഷീ ജിൻ പിംഗിനെ സ്വീകരിച്ചു. തുടർന്ന് അദ്ദേഹം ഉച്ചകോടി നടക്കുന്ന മഹാബലിപുരത്തേക്ക് തിരിച്ചു.
മഹാബലിപുരത്തെ താജ് കടലോര ഹോട്ടലിലാണ് ഷി ജിൻപിംഗിന് താമസമൊരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ മഹാബലിപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ ഹോട്ടലിൽ തന്നെയാണുള്ളത്. വൈകിട്ട് മഹാബലിപുരത്തെ അർജുനശിലയ്ക്കു മുമ്പിൽ വച്ച് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തും. താജ് ഹോട്ടലിൽ തന്നെയാണ് ഉച്ചകോടി നടക്കുക.
കാശ്‌മീർ വിഷയമടക്കമുള്ള സുപ്രധാന സംഗതികൾ ഇരുനേതാക്കളും ചർച്ചാവിഷയമാക്കുമെന്നാണ് സൂചന. ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനത്തോടനുബന്ധിച്ച് വൻ സുരക്ഷയാണ് മഹാബലിപുരത്ത് കരയിലും കടലിലുമായി ഒരുക്കിയിരിക്കുന്നത്.