lulu-group

കൊച്ചി: ഫോബ്‌സ് മാഗസിന്റെ 2019ലെ അതിസമ്പന്ന ഇന്ത്യക്കാരുടെ പട്ടികയിൽ തുടർച്ചയായ 12-ാം വർഷവും റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനി തന്നെ ഒന്നാമൻ. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തിരിച്ചടികൾ നേരിടുകയാണെന്നും റിലയൻസ് ജിയോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ കാഴ്‌ചവച്ച മികച്ച പ്രകടനത്തിന്റെ കരുത്തിൽ സമ്പത്തിൽ 410 കോടി ഡോളറിന്റെ വർദ്ധന നേടിയാണ് അംബാനി ഒന്നാംസ്ഥാനം നിലനിറുത്തിയത്. 5,​140 കോടി ഡോളറാണ് (ഏകദേശം 3.64 ലക്ഷം കോടി രൂപ)​ അദ്ദേഹത്തിന്റെ ആസ്‌തി.

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി (1,​570 കോടി ഡോളർ)​ ആസ്‌തിയുമായി രണ്ടാംസ്ഥാനത്തെത്തി. അശോക് ലെയ്‌ലാൻഡ് മേധാവികളായ ഹിന്ദുജ ബ്രദേഴ്‌സ് (1,​560 കോടി ഡോളർ)​,​ ഷാപൂർജി പലോൺജി ഗ്രൂപ്പ് തലവൻ പലോൺജി മിസ്‌ത്രി (1,​500 കോടി ഡോളർ)​,​ കോട്ടക് മഹീന്ദ്ര തലവൻ ഉദയ് കോട്ടക് (1,​480 കോടി ഡോളർ)​ എന്നിവരാണ് ആദ്യ അഞ്ചുസ്ഥാനങ്ങളിൽ യഥാക്രമം ഇടംപിടിച്ചത്.

മലയാളികളിൽ മുന്നിൽ

എം.എ. യൂസഫലി

അതിസമ്പന്നരായ മലയാളികളിൽ ഇക്കുറിയും ഒന്നാംസ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ്. 430 കോടി ഡോളറാണ് (ഏകദേശം 30,​540 കോടി രൂപ)​ ഫോബ്‌സ് പട്ടികപ്രകാരം അദ്ദേഹത്തിന്റെ ആസ്‌തി. അതിസമ്പന്ന ഇന്ത്യക്കാരിൽ 26-ാം സ്ഥാനത്താണ് യൂസഫലി. ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രൻ ആദ്യമായി ഫോബ്‌സ് ഇന്ത്യ സമ്പന്ന പട്ടികയിൽ ഇടംപിടിച്ചു. ആസ്‌തി 191 കോടി ഡോളർ.

മലയാളികളിൽ രണ്ടാംസ്ഥാനത്ത് ആർ.പി. ഗ്രൂപ്പ് മേധാവി ഡോ. രവി പിള്ളയാണ്. ആസ്‌തി 310 കോടി ഡോളർ. മുത്തൂറ്ര് ഗ്രൂപ്പ് തലവൻ എം.ജി. ജോർജ് മുത്തൂറ്റ് (305 കോടി ഡോളർ)​,​ ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഗോപാലകൃഷ്‌ണൻ (236 കോടി ഡോളർ)​,​ ജെംസ് എജ്യൂക്കേഷന്റെ സാരഥി സണ്ണി വർക്കി (205 കോടി ഡോളർ)​ എന്നിവരാണ് യഥാക്രമം മൂന്നുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്.

$1000 കോടി

820 കോടി ഡോളറിന്റെ വിറ്റുവരവ് നിലവിൽ ലുലു ഗ്രൂപ്പിനുണ്ട്. 2020ഓടെ ഇത് 1,​000 കോടി ഡോളറിലെത്തും. ജീവനക്കാരുടെ എണ്ണം 75,​000 ആയും ഉയരും. അൾജീരിയ,​ ടുണീഷ്യ,​ മൊറോക്കോ എന്നിവിടങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ്.