കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ച് ദുരൂഹ മരണങ്ങളിൽക്കൂടി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മുഖ്യപ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയി തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു മാത്രമായിരുന്നു നിലവിലെ കേസും അന്വേഷണവും. റോയിയുടെ അമ്മ അന്നമ്മ തോമസ്, അച്ഛൻ ടോം തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടി, ടോം തോമസിന്റെ സഹോദര പുത്രൻ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകൾ ആൽഫൈൻ എന്നീ അഞ്ചു പേരുടെ മരണത്തിലാണ് ഇന്നലെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
സിലിയുടെ മരണത്തിൽ താമരശേരി പൊലീസ് സ്റ്റേഷനിലും മറ്റ് നാലു മരണങ്ങളുമായി ബന്ധപ്പെട്ട് കോടഞ്ചേരി സ്റ്റേഷനിലുമാണ് എഫ്.ഐ.ആർ. താമരശേരിയിലെ ഒരു ഡെന്റൽ ക്ളിനിക്കിലായിരുന്നു സിലിയുടെ മരണം.
ആദ്യഘട്ടത്തിൽ റോയിയുടെ കൊലപാതകത്തിൽ മാത്രം കേസ് രജിസ്റ്റർ ചെയ്യാനും മറ്റ് അഞ്ചു മരണങ്ങളിൽ ഡി.എൻ.എ ടെസ്റ്റും ഫോറൻസിക് റിപ്പോർട്ടും ലഭിച്ചതിനു ശേഷം കേസെടുക്കാനുമായിരുന്നു തീരുമാനം. ഇപ്പോൾ അന്വേഷണസംഘം വിപുലീകരിച്ച് ഓരോ കേസിനും പ്രത്യേക സംഘത്തെ നിയോഗിച്ചതോടെയാണ് വെവ്വേറെ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തത്.
കൊലപാതക പരമ്പരയിൽ ജോളി കുറ്റസമ്മതം നടത്തിയെങ്കിലും ഷാജുവിന്റെയും ആദ്യ ഭാര്യ സിലിയുടെയും മകളായ രണ്ടു വയസുകാരി ആൽഫൈന്റെ മരണത്തിൽ ഉത്തരവാദിത്വം നിഷേധിച്ചു. വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായ കുഞ്ഞ് സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മൂന്നു ദിവസം കഴിഞ്ഞാണ് മരിച്ചത്.
അന്നമ്മ തോമസിനെ കീടനാശിനി പുരട്ടിയ ഗുളിക നൽകിയും മറ്റുള്ളവരെ ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകിയും കൊലപ്പെടുത്തിയെന്നാണ് ജോളിയുടെ കുറ്റസമ്മതം.
അതിനിടെ, ജോളി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകൾ മൂത്ത മകൻ റോമോ അന്വേഷണസംഘത്തിന് കൈമാറി. കേസന്വേഷണത്തിൽ കൂടുതൽ തുമ്പു കണ്ടെത്താൻ ഫോണുകളുടെ പരിശോധന സഹായകമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. റോമോയുടെ മൊഴിയും ക്രൈംബ്രാഞ്ച് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം ഓണം അവധിസമയത്ത് നാലു ദിവസത്തേക്ക് കട്ടപ്പനയിലേക്കു പോവുകയാണെന്നു പറഞ്ഞ് പൊന്നാമറ്റം വീട്ടിൽ നിന്ന് ഇറങ്ങിയ ജോളി രണ്ടു ദിവസമേ കട്ടപ്പനയിൽ ഉണ്ടായിരുന്നുള്ളു. ബാക്കി രണ്ടു ദിവസം ഇവർ കോയമ്പത്തൂരിലായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ ദിവസങ്ങളിൽ ജോളിയുടെ സുഹൃത്തു കൂടിയായ ബി.എസ്.എൻ.എൽ ജീവനക്കാരൻ ജോൺസണിന്റെ മൊബൈൽ ടവർ ലൊക്കേഷനും കോയമ്പത്തൂർ ആയിരുന്നു. അവിടെ തങ്ങൾക്ക് അടുത്ത ബന്ധുക്കളൊന്നുമില്ലെന്നും, ജോളി കോയമ്പത്തൂരിൽ എന്തിനു പോയെന്ന് അറിയില്ലെന്നുമാണ് മകൻ റോമോയുടെ മൊഴി.
ജോളിയുടെ ഇളയ മകന്റെയും റോയിയുടെ സഹോദരി രഞ്ചിയുടെയും മൊഴികളും പൊലീസ് രേഖപ്പെടുത്തി. ദുരൂഹമരണം സംബന്ധിച്ച് പരാതി നൽകിയ റോയിയുടെ സഹോദരൻ റോജോ തോമസ് രണ്ടു ദിവസത്തിനകം അമേരിക്കയിൽ നിന്ന് എത്തും.