ഓസ്ലോ:വംശീയ വിദ്വേഷവും അയൽ രാജ്യമായ എറിത്രിയയുമായുള്ള അതിർത്തിയുദ്ധവും ഇരുപത് വർഷത്തിലേറെ ദുരിതം വിതച്ച എ
ത്യോപ്യയെ ധീരമായ രാഷ്‌ട്രീയ പരിഷ്‌കാരങ്ങളിലൂടെ മാറ്റി മറിച്ച നേതാവാണ് 43ാം വയസിൽ സമാധാന നോബൽ പുരസ്‌കാരത്തിന് അർഹനായ അബി അഹമ്മദ് അലി. രണ്ട് വർഷം മുൻപ് അദ്ദേഹം തന്റെ രാഷ്‌ട്രീയ ദർശനം പ്രഖ്യാപിച്ചത് ഇങ്ങനെയാണ്: ''നമുക്ക് കരണീയമായ ഒറ്റ മാർഗ്ഗമേ ഉള്ളൂ. അത് ഒന്നിച്ചു നിൽക്കുക എന്നതാണ്. സഹകരിക്കാനും പരസ്‌പരം സഹായിക്കാനും മാത്രമല്ല, ഒരുമിച്ച് ജീവിക്കാനും വേണ്ടി ഒന്നിച്ചു നിൽക്കുക. അതല്ലെങ്കിൽ പിന്നെ ഒരു മാർഗ്ഗമുണ്ട്. പരസ്‌പരം കൊല്ലുക. സ്വബോധമുള്ള ഒരാളും ആ വഴി സ്വീകരിക്കില്ല. അപ്പോൾ നമ്മുടെ വഴി പരസ്പരം വിശ്വസിക്കുകയും ഒന്നിച്ച് നിന്ന് നമ്മുടെ മുറിവുകൾ ഉണക്കുകയും രാജ്യത്തിന്റെ വികസനത്തിന് വേണ്ടി ഐക്യത്തോടെ പ്രവർത്തിക്കുകയുമാണ്.''
എല്ലാവരെയും ഒന്നിപ്പിക്കുന്ന ഈ ദർശനമാണ് എത്യോപ്യയെ സമാധാനത്തിന്റെ പാതയിൽ എത്തിക്കാൻ അബി അഹമ്മദ് അലിയെ പ്രാപ്തനാക്കിയത്. ഭീകരനെന്ന് മുദ്രകുത്തി മുൻഭരണകൂടം ജയിലിൽ അടച്ച പ്രതിപക്ഷ നേതാവ് ബെർഹാനു നേഗ ഉൾപ്പെടെയുള്ള പ്രതിപക്ഷ പ്രവർത്തകരെ അദ്ദേഹം ജയിൽ മോചിതരാക്കി. പുറത്തു വന്നയുടൻ അബി അഹമ്മദ് അലിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് നേഗ ചെയ്തത്.
എത്യോപ്യയിലെ 2015ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒറ്റ പ്രതിപക്ഷ എം.പി പോലും വിജയിച്ചിരുന്നില്ല. 2020ൽ വരുന്ന അടുത്ത തിരഞ്ഞെടുപ്പിൽ അലിയുടെ പരിഷ്കാരങ്ങൾ എന്ത് മാറ്റം വരുത്തുമെന്ന് ലോകം ഉറ്റുനോക്കുകയാണ്.
അബി അഹമ്മദ് അലിയുടെ ജീവിത വഴികൾ
ജനനം 1976 ആഗസ്റ്റ് 15ന്
അച്ഛൻ ഒറോമോ വംശജനായ മുസ്ലിം, അമ്മ അംഹാര വംശജയായ ക്രിസ്‌ത്യാനി
അഡിസ് അബാബ സർവകലാശാലയിൽ നിന്ന് സമാധാന സുരക്ഷാ വിഷയങ്ങളിൽ ഡോക്‌ടറേറ്റ്
ലണ്ടനിലെ ഗ്രീൻവിച്ച് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം
1974 മുതൽ 87 വരെ എത്യോപ്യ ഭരിച്ച മാർക്സിസ്റ്റ് മിലിട്ടറി ഭരണകൂടത്തിനെതിരായ സായുധ പ്രക്ഷോഭത്തിൽ പങ്കാളിയായി
പിൽക്കാലത്ത് സൈന്യത്തിൽ ചേർന്ന് ലഫ്‌റ്റനന്റ് കേണൽ റാങ്കിൽ വരെ എത്തി
എറിത്രിയയുമായുള്ള യുദ്ധത്തിൽ സൈന്യത്തിന്റെ ചാര വിഭാഗത്തെ നയിച്ചു
2010ൽ ഒറോമോ ഡെമോക്രാറ്റിക് പാർട്ടിയിലൂടെ രാഷ്‌ട്രീയത്തിൽ
എത്യോപ്യൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
മുസ്ലിം - ക്രിസ്ത്യൻ വംശീയ സംഘർഷം പരിഹരിച്ചു
2016ൽ ശാസ്‌ത്ര സാങ്കേതിക വകുപ്പ് മന്ത്രി
2018 ഏപ്രിൽ 2ന് പ്രധാനമന്ത്രി
ഒറോമോ വംശജനായ ആദ്യ പ്രധാനമന്ത്രി
ആഫ്രിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരി
ഉദാരവത്കരണ പരിഷ്‌കാരങ്ങൾ നടപ്പാക്കി
മന്ത്രിസഭയിൽ പകുതി വനിതകളെ നിയമിച്ചു
അടിയന്തരാവസ്ഥ പിൻവലിച്ചു
പ്രതിപക്ഷ പ്രവർത്തകരെ ജയിലിൽ നിന്ന് മോചിപ്പിച്ചു
നാടുകടത്തപ്പെട്ട വിമതരെ തിരിച്ചു വരാൻ അനുവദിച്ചു
ടി.വി ചാനലുകളുടെയും വെബ്സൈറ്റുകളുടെയും നിരോധനം നീക്കി
അതിർത്തിയിലെ തർക്ക പ്രദേശങ്ങൾ എറിത്രിയയ്‌ക്ക് വിട്ടുകൊടുക്കാൻ സമ്മതിച്ചു
യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചു
കഴിഞ്ഞ വർഷം എറിത്രിയയുമായി സമാധാനക്കരാർ ഒപ്പിട്ടു, അതിർത്തി തുറന്നു